താനൂർ: ചില പൂർവ്വ പഠനങ്ങൾ

ചരിത്രമുറങ്ങുന്ന ഒരു പ്രദേശം എന്ന നിലയിൽ താനൂരിനെക്കുറിച്ച് ഒട്ടനേകം രചനകളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്. അവയിലൂടെയുള്ള സഞ്ചാരമാണ് ഇൗ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിലെ പ്രഗത്ഭനായ നരവംശ ശാസ്ത്രങ്ങൾ പി.ആർ.ജി മാത്തൂർ 1970-72 കാലയളവിൽ കൽക്കത്ത യൂനിവേഴ്സിറ്റിയിലെ തന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഭാഗമായി താനൂരിലെത്തുകയും ഇവിടത്തെ മത്സ്യതൊഴിലാളി സംസ്കാരം വിശദമായി പഠനവിധേയമാക്കുകയും ചെയ്തിരുന്നു. 1972-ൽ പ്രബന്ധം സമർപ്പിക്കപ്പെടുകയും വൈകാതെ 1978-ൽ The Mappila fisherfolk of Kerala : a study in inter-relationship between habitat, technology, economy, society, and culture എന്ന പേരിൽ ഗ്രന്ഥമായി പുറത്തിറക്കുകയും ചെയ്തു. ഇതിന്റെ ആമുഖത്തിൽ താനൂരിന്റെ ലഘു ചരിത്രം വിവരിക്കുന്നുണ്ട്. മത്സ്യ തൊഴിലാളികളുടെ പരമ്പരാഗത അറിവുകൾ, മത്സ്യബന്ധനത്തിന്റെ സാങ്കേതിക വിദ്യ, സമ്പദ് വ്യവസ്ഥ, ആചാരങ്ങളും പ്രകൃത്യതീതശക്തിയിലുള്ള വിശ്വാസങ്ങളും എന്നിങ്ങനെ മൂന്നു ഭാഗങ്ങളും ഉപസംഹാരവുമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. താനൂരിലെ വിവിധ ചിത്രങ്ങൾ, ഗ്ലോസറി എന്നിവയും നൽകിയിട്ടുണ്ട്. 1996-ൽ താനൂർ പഞ്ചായത്ത് സുന്നി സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്പന്ദനം സുവനീർ താനൂരിന്റെ പ്രാദേശിക മുസ്ലിം ചരിത്രത്തിലേക്കുള്ള വഴികാട്ടിയാണ്. കെ.ടി.എം ബശീർ പനങ്ങാങ്ങരയാണ് എഡിറ്റർ. താനൂരിൽ സേവനം ചെയ്ത ശ്രദ്ധേയരായ രണ്ടു പണ്ഡിതരായ ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ലിയാർ, കെ.കെ ഹസ്റത്ത് എന്നിവരെ സ്മരിക്കുന്ന ലേഖനങ്ങൾ, താനൂരിന്റെ ചരിത്രത്തെക്കുറിച്ചുള്ള ബശീർ പനങ്ങാങ്ങരയുടെ ലേഖനം, പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകൾ, മഹല്ലുകളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ ഇൗ സുവനീറിനെ മികവുറ്റതാക്കുന്നു. 2005-ൽ താനൂർ സ്വദേശിയായ അബ്ദുസ്സലാം മാമുണ്ണി മുസ്ലിയാരകത്ത് പുറത്തിറക്കിയ "ചക്ക തിന്നാൻ താനൂരിലേക്ക്-താനൂരിന്റെ സംക്ഷിപ്ത ചരിത്രം' വേറിട്ട രചനയാണ്. പൂർവ്വകാലം, ആധുനിക കാലം എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി താനൂരിന്റെ രാഷ്ട്രീയ-സാമുഹിക-സാംസ്കാരിക ചരിത്രം തന്റെ ഗവേഷണത്തിലൂടെ അവതരിപ്പിക്കുന്നു. സി.കെ താനൂരാണ് അവതാരിക എഴുതിയിട്ടുള്ളത്. ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ് പ്രസിദ്ധീകരിച്ച പത്തായം സമ്മേളന സുവനീറിൽ താനൂരിന്റെ പ്രാദേശിക ചരിത്രം വിവരിക്കുന്നുണ്ട്. എന്നാൽ 2016-ൽ സ്ഥാപനത്തിന്റെ 90-ാം വാർഷിക വേളയിൽ പുറത്തിറക്കിയ "വെളിച്ചം: ഒരു ദേശത്തിന്റെ കഥ പറയുന്നു' എന്ന പേരിലുള്ള സുവനീർ താനൂരിന്റെ ചരിത്രവും സംസ്കാരവും സമഗ്രമായി അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ്. താനൂരിന്റെ കോളനി വിരുദ്ധ പ്രസ്ഥാനങ്ങളിലെ രാഷ്ട്രീയ പടയൊരുക്കങ്ങൾ (ശിഹാബുദ്ദീൻ ഹുദവി പള്ളിപ്പുറം), താനൂരിലെ മത്സ്യതൊഴിലാളി സംസ്കാരം (മുഗീസ് ഹുദവി), സ്വാതന്ത്ര്യ പോരാട്ടത്തിലെ താനൂർ (അബ്ദുറഹ്മാൻ മങ്ങാട്), താനൂർ: ചരിത്രവും ശേഷിപ്പുകളും (മുഗീസ് ഹുദവി), താനൂർക്കാരുടെ കൂട്ടംപറച്ചിലും കുറിക്കല്യാണവും (അൻവർ സ്വാദിഖ് ഫൈസി), താനൂർ: വിദ്യാഭ്യാസ ചരിത്രം (അലി അക്ബർ ഹുദവി), താനൂരിലെ പ്രാദേശിക വൈവിധ്യങ്ങൾ (സുഹൈൽ ഹുദവി), താനൂരിലെ സാദാത്തുമാരും സൂഫികളും (അബ്ദുറഹ്മാൻ ഹുദവി) എന്നീ പഠനങ്ങൾ സുവനീറിൽ അടങ്ങിയിട്ടുണ്ട്.
2021-ൽ മലബാർ സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സി.പി ബാസിത് ഹുദവി പ്രസിദ്ധീകരിച്ച "1921 മലബാർ സമരം: താനൂരിന്റെ മുദ്രകൾ' എന്ന ഗ്രന്ഥം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചരിത്ര രേഖകളുടെ പിൻബലത്തോടെ തയാറാക്കപ്പെട്ട ഇൗ പുസ്കതത്തിന് ഡോ. കെ.എസ് മാധവനാണ് അവതാരിക നൽകിയത്. ഇവക്കു പുറമേ സുവനീറുകൾ, കുടുംബ ചരിത്രങ്ങൾ, ഡയറക്ടറികൾ തുടങ്ങിയവയെല്ലാം ഇൗ ഗണത്തിൽ ഉൾപ്പെടുത്താനാവും. അതോടൊപ്പം കഥയിലും സാഹിത്യത്തിലും മറ്റുമെല്ലാം താനൂരും അതിന്റെ ഭാഷയും സംസ്കാരവും കടന്നുവരാറുണ്ട്. യുവ എഴുത്തുകാരായ സുഭാഷ് ഒട്ടുംപുറം, സുദർശനൻ കോടത്ത് തുടങ്ങിയവരുടെ എഴുത്തുകൾ ചില ഉദാഹരണങ്ങളാണ്. സി രാധാകൃഷ്ണന്റെ "തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന ചരിത്രാഖ്യായികയിലും താനൂർ കടന്നുവരുന്നുണ്ട്.

Post a Comment

Previous Post Next Post