മലബാറിന്റെ പൊതുവെയുള്ള ചരിത്രത്തിൽ സഞ്ചാരികളുടെ വിവരണങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. "സഞ്ചാരികൾ കണ്ട താനൂർ' എന്ന തലക്കെട്ട് നൽകാവുന്ന വിധം നിരവധി യൂറോപ്യർ ഇവിടെ സന്ദർശിക്കുകയും തങ്ങളുടെ കുറിപ്പുകളിൽ പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. താനൂരിന്റെ പഴയകാലത്തെക്കുറിച്ചുള്ള വിവരണങ്ങൾ പോർച്ചുഗീസ്-ഇറ്റാലിയൻ-ബ്രിട്ടീഷ് സഞ്ചാരികളുടെ യാത്രാക്കുറിപ്പുകളിൽ കാണാം. താനൂരിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങൾ ഇവയോരോന്നിലും എടുത്തുകാണിക്കുന്നുണ്ട്.
ഒരു ഇംഗ്ലീഷ് ഡോക്ടറും സഞ്ചാരിയുമായിരുന്ന ജോൺ ഫ്രയർ (1650-1733) പേർഷ്യയിലെയും ഇന്ത്യയിലെയും യാത്രകളെക്കുറിച്ചെഴുതിയ A new account of East-India and Persia എന്ന ഗ്രന്ഥത്തിലാണ് താനൂരിനെക്കുറിച്ച് ഏറ്റവും വിശദമായി പ്രതിപാദിക്കുന്നത്. തീരമണഞ്ഞതു മുതൽ കച്ചവച്ചരക്കുകൾ, വീടുകൾ, ഭാഷ, നായർ-മാപ്പിള സമൂഹങ്ങൾ, പുരുഷൻമാർ, സ്ത്രീകൾ, മതം, ആശുപത്രികൾ, ക്രിസ്ത്യാനികൾ, നാണയങ്ങൾ, കുരുമുളക് തുടങ്ങിയവയെക്കുറിച്ച് പ്രത്യേക തലക്കെട്ട് നൽകി വിവരിച്ച്, കോഴിക്കോട്ടേക്ക് പോകുന്നത് വരെയുള്ള കാര്യങ്ങളെ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.
1672 നും 1674 നും ഇടയിൽ ഇന്ത്യ സന്ദർശിച്ച ഒരു ഫ്രഞ്ചുകാരനാണ് ആബെ കാരേ. തന്റെ വിവരണങ്ങൾ "ദി ട്രാവൽസ് ഒാഫ് അബ്ബെ കാരെ ഇൻ ഇന്ത്യ ആൻഡ് നിയർ ഇൗസ്റ്റ്' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം താനൂരിനെക്കുറിച്ചെഴുതിയത് ഇങ്ങനെ വായിക്കാം: "കടലോളം മരങ്ങളാൽ പൊതിഞ്ഞ, പരന്ന നാട്ടിലെ മനോഹരമായ സ്ഥലമാണിത്. അസംഖ്യം വലിയ ഫലവൃക്ഷങ്ങൾക്കിടയിൽ പട്ടണം കുറെ ദൂരെ വ്യാപിച്ചുകിടക്കുന്നു. ഇവിടെ മൂന്നോ നാലോ തരം ആളുകൾ വസിക്കുന്നു- മുസ്ലിംകൾ, ബ്രാഹ്മണർ, ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ. ഒാരോരുത്തർക്കും അവരവരുടെ പള്ളികളും ക്ഷേത്രങ്ങളും പള്ളികളും ഉണ്ട്. മുസ്ലിംകളും ഹിന്ദുക്കളും പട്ടണത്തിലാണ്. ക്രിസ്ത്യാനികൾ വേറിട്ട സ്ഥലത്താണ് വസിക്കുന്നത്. അവരുടെ വീടുകൾ വളരെ മനോഹരമായ ഒരു തെരുവാണ്. സൂര്യന്റെ കത്തുന്ന കിരണങ്ങളിൽ നിന്ന് വീടുകളെ സംരക്ഷിക്കുന്ന, നമ്മുടെ വാൽനട്ട് മരങ്ങളോളം വലിപ്പമുള്ള വലിയ മരങ്ങളുടെ നേർത്ത നിരകൾ ഇവക്ക് തണലേകുന്നു. പട്ടണത്തിന് പിന്നിൽ ശുദ്ധമായ ഒരു നീണ്ട തണ്ണീർത്തടമുണ്ട്, അത് വളരെ സൗകര്യപ്രദമാണ്, കാരണം ഇത് ചെറിയ അരുവികളിലൂടെ തോട്ടങ്ങളിലും വയലുകളിലും നിറയെയുള്ള കുരുമുളക് വള്ളികൾ, തെങ്ങ്, കമുങ്ങ്, കറുവപ്പട്ട തുടങ്ങി കൃഷികളെ നനയ്ക്കുന്നു.'
ഗിയോ ബാറ്റിസ്റ്റ റമ്യൂസ്യോ(Giovanni Battista Ramusio) എന്ന ഇറ്റാലിയൻ സഞ്ചാരി 1550-ൽ രചിച്ച ഉഋഘഘഋ ചഅഢകഏഅഠകഛചക ഋഠ ഢകഅഏഏക എന്ന കൃതിയിലും താനൂരിനെ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഫ്രഞ്ച് നാവികനായ ഫ്രാങ്കോയിസ് പിരാർഡ് ഡി ലാവലിന്റെ (1578-1623)യാത്രാ വിവരണത്തിൽ പലയിടത്തും വരുന്ന Tananor താനൂരിനെയാണ് കുറിക്കുന്നത്.
പോർച്ചുഗീസ് ഗ്രന്ഥമായ The Book Of Duarte Barbosa ലും താനൂരിനെക്കുറിച്ച് പരാമർശമുണ്ട്. പോർച്ചുഗീസ് കാലത്തെ ഒരു സുപ്രധാന പ്രദേശം എന്ന നിലയിൽ മറ്റനേകം കുറിപ്പുകൾ നമുക്ക് കാണാനാവും.
Tags
ARTICLES