താനൂരിന്റെ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം

അറബി, അറബി-മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച പ്രദേശമാണ് താനൂർ. ലഭ്യമായ രേഖകളനുസരിച്ച് വെളിയങ്കോട് ഉമർ ഖാസിയാണ് ലക്ഷണമൊത്ത ആദ്യ രചയിതാവ്. അദ്ദേഹത്തിന്റെ ചില രചനകളെല്ലാം താനൂർ കാലത്ത് രചിക്കപ്പെട്ടവയാണ്. എന്നാൽ ഉമർ ഖാസിയുടെ മുമ്പുള്ള ചില മൗലിക രചനകൾ താനൂർ വലിയകുളങ്ങര പള്ളിയി കുതുബ് ഖാനയിൽ കാണപ്പെടുന്നുണ്ട്. ഉമർ ഖാസിക്കു പുറമേ വലിയ കുളങ്ങര പള്ളിയിൽ മുദരിസുമാരായ അവുക്കോയ മുസ്ലിയാർ, അബ്ദുറഹ്മാൻ നഖ്ശബന്ദി, യൂസുഫുൽ ഫള്ഫരി, ആമിനുമ്മാനകത്ത് പരീക്കുട്ടി മുസ്ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, പറവണ്ണ മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ, ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ലിയാർ, നിറമരുതൂർ ബീരാൻകുട്ടി മുസ്ലിയാർ, കെ.കെ ഹസ്റത്ത് തുടങ്ങിയവരെല്ലാം രചയിതാക്കളായിരുന്നു. ശൈഖ് അബ്ദുറഹ്മാൻ നഖ്ശബന്ദി അറബി ഭാഷയിൽ അത്യഗാധ പാണ്ഡിത്യവും രചനാ ശേഷിയുമുള്ള ആദ്ധ്യാത്മിക പണ്ഡിതനായിരുന്നു. ഇസ്ആദുൽ ഇബാദ് ഫീ ദിക്രിൽ മൗത്തി വൽ മആദ്, അവാരിഫുൽ മആരിഫ്, ശറഹുൽ ബസീത്തുൻ ആലി കിതാബിത്തുഹ്ഫത്തിൽ മുർസല ഫീ ഇൽമിൽ ഹഖാഇഖ്, അൽ ഇഫാളത്തുൽ ഖുദ്സിയ്യ ഫിഖ്തിലാഫി തുറുഖി സ്വൂഫിയ്യ, അസ്റാറുൽ മുഹഖിഖീൻ ഫീ മഅ്രിഫത്തി റബ്ബിൽ ആലമീൻ തുടങ്ങിയ ആദ്ധ്യാത്മിക രചനകളിലൂടെ മലബാറിലെ ഇബ്നു അറബി എന്ന പേരിൽ മഹാൻ പ്രസിദ്ധനായി. അബ്ദുറഹ്മാൻ നഖ്ശബന്ദിയുടെ മക്കളും അറബി ഭാഷയിൽ മികവു തെളിയിച്ചിട്ടുണ്ട്. ത്രിതീയ പുത്രനായ അലി എന്ന കുഞ്ഞുട്ടി മുസ്ലിയാർ തൻശീത്വുൽ മുത്വാലിഇൗൻ, അഅ്യാനു മലൈബാർ എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. താനൂർ ഖാളിമാരിലും നിരവധി രചയിതാക്കളുണ്ട്. ഹിജ്റ 1321-ൽ വഫാത്തായ ഖാളി മുഹമ്മദ് മുസ്ലിയാർ രചിച്ച മള്ഹറുൽ ഗുയൂബ് എന്ന അറബി മലയാള ഗ്രന്ഥം താനൂരിലെ ചേക്കുമരക്കാരകത്ത് അബ്ദുല്ലക്കുട്ടി 1898-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമിനുമ്മാനകത്ത് പരീക്കുട്ടി മുസ്ലിയാരാണ് മറ്റൊരു ഗ്രന്ഥകാരൻ. ഖിലാഫത്ത് സംരക്ഷിക്കുതിനായി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ജിഹാദ് നടത്തണമെന്ന് ആഹ്വാനം ചെയ്ത് പരീക്കുട്ടി മുസ്ലിയാർ രചിച്ച ലഘു കൃതിയാണ് മുഹിമ്മാത്തുൽ മുഅ്മിനീൻ. മുഹിമ്മാത്തുൽ മുഅ്മിനീൻ മിൻ തർകിൽ മുവാലാത്തി ലിഅഅ്ദാഇദ്ദീൻ വനുസ്വ്റത്തി ഖിലാഫത്തി സയ്യിദിൽ മുർസലീൻ വ തൻസീഹി ജസീറത്തിൽ അറബി മിനൽ മുശ്രികീൻ എന്നാണ് പൂർണ്ണനാമം. "അവിശ്വാസികളിൽനിന്ന് അറേബ്യ മോചിപ്പിക്കാനും പ്രവാചകന്റെ ഖിലാഫത്ത് സംരക്ഷിക്കാനും മതത്തിന്റെ ശത്രുക്കളുമായി നിസ്സഹകരിക്കുന്നതിനും വിശ്വാസികൾക്കായുള്ള പ്രധാന കാര്യങ്ങൾ' എന്ന് മലയാളത്തിൽ പറയാം. താനൂർ ഖിലാഫത്ത് കമ്മിറ്റിയാണ് പ്രസാധകർ. 1921 ്രെബഫുവരി 24/1339 ജമാദുൽ ആഖിർ 15-ന് പൊന്നാനി തറയംകോജിനകത്ത് പാണ്ടികശാലയിൽ വെച്ച് തലശ്ശേരി സ്വദേശി അണിയാപുരത്ത് അമ്മു എന്നവരുടെ മുഹ്കിൽ ഗറാഇബ് പ്രസ്സിൽ വെച്ചാണ് ഒന്നാം പതിപ്പ് അച്ചടിച്ചത്. മറ്റു രചനകളും അദ്ദേഹത്തിനുണ്ടെങ്കിലും വീണ്ടെടുക്കപ്പെട്ടിട്ടില്ല.
താനൂർ ഇസ്ലാഹുൽ ഉലൂം കേന്ദ്രീകരിച്ച് പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ഗ്രന്ഥ രചനയും പ്രസിദ്ധീകരണവും വിൽപ്പനയും നടന്നിരുന്നു. 1930 ജനുവരി 1-ന് പുറത്തിറങ്ങിയ അൽബയാൻ മാസികയിലെ പരസ്യം ഇതിന്റെ സൂചനയാണ്: "താനൂർ ഇസ്ലാഹുൽ ഉലൂം മദ്റസ വക വിൽപ്പാൽ തയാറുള്ള കിതാബുകൾ മുതലായത്. 1. തുഹ്ഫത്തു അഹ്ബാബി തളിപ്പറമ്പ് എന്ന ജുമുഅന്റെ അറബി രിസാല... വില: രണ്ട് അണ. 2. അൽ മൻഹലുർറവി ഫീ മനാഖിബിസ്സയ്യിദ് അഹ്മദിൽ ബദവി യെന്ന ബദവി മൗലൂദ്...രണ്ട് അണ. 3. തഹ്ദീറുൽ ഉമ്മത്തിൽ ഇസ്ലാമിയ്യ എന്ന റദ്ദുൽ വഹാബിയ്യ വലിയ തർജമ മുജല്ലദ്... ഒരു ഉറുപ്പിക ടി. തർജമ ജിൽദ് കെട്ടാത്തത്... 13 അണ. 4. വേലൂർ ബാഖിയാത്തു സ്വാലിഹാത്ത് മദ്റസ മാനേജർ മൗലാനാ ളിയാഉദ്ദീൻ സ്വാഹിബ് അവർകൾ താനൂർ ഇസ്ലാഹുൽ ഉലൂം മദ്റസ വക അസാസുൽ ഇസ്ലാം സഭയുടെ രണ്ടാം വാർഷിക യോഗത്തിൽ ചെയ്ത അധ്യക്ഷ പ്രസംഗത്തിൻരെ മലയാള പരിഭാഷ... രണ്ട് അണ. അപേക്ഷിക്കേണ്ട വിലാസം: എ.പി അഹ്മദ് കുട്ടി മൗലവി-മാനേജർ മദ്റസ ഇസ്ലാഹുൽ ഉലൂം-പോസ്റ്റ് താനൂർ-എസ്സ് മലബാർ.' ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ലിയാർ താനൂരിൽ സേവനം ചെയ്യുമ്പോഴാണ് ഖുതുബത്തുൽ ജുമുഅ എന്ന കൃതി രചിക്കുന്നത്. 1958-ൽ ബയാനിയ്യ ബുക് സ്റ്റാൾ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1960-കളിൽ കെ.വി മുഹമ്മദ് മുസ്ലിയാർ കൂറ്റനാട് താനൂർ ഇസ്ലാഹുൽ ഉലൂം കേന്ദ്രീകരിച്ച് അൽബുർഹാൻ അറബി മലയാള മാസിക പ്രസിദ്ധീകരിച്ചിരുന്നു. കെ.കെ അബൂബക്കർ ഹസ്റത്ത് വിവധ പ്രസിദ്ധീകരണങ്ങളിലായി അറബി ഭാഷയിൽ ലേഖനങ്ങളെഴുതിയിരുന്നു. ഹസ്റത്തും നിറമരുതൂർ ബീരാൻകുട്ടി മുസ്ലിയാരും ചേർന്ന് ഫത്ഹുൽ മുൽഹിം എന്ന പേരിൽ ഫത്ഹുൽ മുഇൗന് ഒരു ഹാശിയ തയാറാക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ട് രംഗത്ത് താനൂരിന്റെ മുഖമാണ് മച്ചിങ്ങലകത്ത് മൊയ്തീൻ മൊല്ല. ആദ്യകാല മാപ്പിള കവികളിലൊരാളായി അദ്ദേഹം പരിഗണിക്കപ്പെട്ടു പോരുന്നുണ്ട്. അദ്ദേഹത്തിന്റെ ഗസ്വത്തു ഫത്ഹു മക്ക എന്ന മക്കം ഫത്ഹ് പട ഖിസ്സപ്പാട്ട് ഏറെ പ്രസിദ്ധമാണ്. മഹാ കവി അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഹ്മദ് കുട്ടി മൊല്ല അദ്ദേഹത്തിന്റെ ശിഷ്യനാണ്. മാലാ സാഹിത്യത്തിലും താനൂർ പിറകിലല്ല. താനൂർ കുഞ്ഞിമ്മു മൊല്ല രചിച്ച സൈഫുദ്ദീൻ മാല 1910-ലും, മുഹമ്മദ് കുട്ടി എന്ന ഇമ്പിച്ചിബാവ ബിൻ കുഞ്ഞാലൻ ഹാജി താനൂർ രചിച്ച ഫാറൂഖിയ്യ മാല 1953-ലും, എം. ബാവാക്കുട്ടി മൗലവി താനൂർ രചിച്ച സദുപദേശ രസംകൃത ലോകനീതി മാല തുടങ്ങിയവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. താനൂർ ഇമ്പിച്ചിക്കോയ തങ്ങൾ അനേകം സൂഫീ സംഗീതങ്ങൾ രചിച്ചിട്ടുണ്ട്. ശൈഖ് അബ്ദുറഹ്മാൻ നഖ്ശബന്ദിയെക്കുറിച്ച് പന്തക്കൽ കുഞ്ഞീതുമൊല്ല അനുസ്മരണ കാവ്യം എഴുതിയിട്ടുണ്ട്. സമീപകാലത്തും ചില സുപ്രധാന ചലനങ്ങൾ എടുത്തുകാണിക്കാനുണ്ട്. 2013-ൽ ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ അറബിക് വിഭാഗം തുടക്കം മുതൽ പ്രവർത്തിച്ചുവരുന്നുണ്ട്. താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളേജിൽ നിന്നും അസ്വഹ്വ എന്ന പേരിൽ അറബി മാസിക പുറത്തിറങ്ങുന്നു. താനൂരിലെ തൊമ്മിൽ പുതിയ മാളിയേക്കൽ അബൂബക്കർ രചിച്ച "അൽ ഒൗദത്തു ഇലൽ വത്വൻ' അറബി നോവൽ 2019-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

Post a Comment

Previous Post Next Post