താനൂരിന്റെ ചരിത്രം എവിടെ നിന്ന് ആരംഭിക്കുന്നു ? ഏറെ പ്രസക്തമായ ഇൗ ചോദ്യത്തിന് കേരളത്തിലെ വിശിഷ്യാ മലബാറിന്റെ ലഭ്യമായ ചരിത്രത്തോടൊപ്പം സഞ്ചരിക്കുക എന്നത് മാത്രമാണ് ഉത്തരം. എന്നല്ലാതെ സവിശേഷമായൊരു പ്രാചീന കാല ചരിത്രം ഇൗ നാടിന് മാത്രമായി അവകാശപ്പെടാനില്ല.
താനൂരിന് ശിലായുഗത്തോളം പഴക്കമുണ്ട് എന്ന നിരീക്ഷണമാണ് പൊതുവേ അവതരിപ്പിക്കപ്പെടാറുള്ളത്. ശിലായുഗ അവശിഷ്ടങ്ങളായ നന്നങ്ങാടികളും കുടക്കല്ലുകളും വിവിധയിടങ്ങളിലായി കണ്ടെടുക്കപ്പെട്ടത് ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്. കേരളത്തിന്റെ അംഗീകരിക്കപ്പെട്ട ചരിത്രത്തോട് ഇൗ നിരീക്ഷണം പൊരുത്തപ്പെട്ടു വരുന്നുമുണ്ട്.
കടലിനോട് ചേർന്നു കിടക്കുന്നു എന്നത് താനൂരിന്റെ പ്രാചീന ചരിത്രത്തെ സ്വാധീനിക്കുന്ന ഘടകമാണ്. താനൂരിനെക്കുറിച്ചുള്ള ചർച്ച ചരിത്രത്തിൽ കടന്നു വരുന്നതും ഇതുമായി ബന്ധപ്പെട്ടു തന്നെയാണ്. ബി.സി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട പെരിപ്ലസ് ഒാഫ് ദി എറീത്രിയൻ സീ (Periplus of the Erythraean Sea) എന്ന സഞ്ചാര രേഖയിൽ പരാമർശിക്കുന്ന തിണ്ടിസ് ( Tyndis) താനൂരാണെന്ന ഒരു വാദമുണ്ട്. ഹെൻറീ യൂലെ ഇൗ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ടെങ്കിലും കടലുണ്ടി എന്നതിന്ന് അദ്ദേഹം തന്നെ മുൻതൂക്കം നൽകുന്നുണ്ട്. പൊന്നാനി എന്ന മറ്റൊരഭിപ്രായം കൂടെ എടുക്കുമ്പോൾ ഇതിനെല്ലാം ഇടയിലുള്ള താനൂരിന്റെ സ്ഥാനം നമുക്ക് കൃത്യമായി അനുമാനിക്കാനാവും. മറ്റൊരർത്ഥത്തിൽ പഴയ വെട്ടത്തുനാടിന്റെ ഭാഗമായിരുന്നതോ അതിർത്തി പങ്കിടുന്നതോ ആയ പ്രദേശങ്ങളാണിവയെല്ലാം.
പ്രാചീന കാലം മുതൽക്കേ താനൂരിൽ ഒരു തുറമുഖം ഉണ്ടായിരുന്നു എന്നതിൽ സംശയമില്ല. പോർച്ചുഗീസ് കാലത്തെ വിവരണങ്ങളിൽ കടൽ വഴിയുള്ള യാത്രകൾ സജീവമായി നടന്നിരുന്നതിന്റെ പ്രകടമായ തെളിവുകളുണ്ട്.ഗിയോ ബാറ്റിസ്റ്റ റമ്യൂസ് (Giovanni Battista Ramusio) എന്ന ഇറ്റാലിയൻ സഞ്ചാരി 1550-ൽ രചിച്ച DELLE NAVIGATIONI ET VIAGGI എന്ന കൃതിയിൽ താനൂരിലെ തുറമുഖങ്ങളെക്കുറിച്ചുള്ള പ്രത്യേക പരാമർശം കാണാം.
സംഘകാലം മുതലുള്ള ചരിത്രമാണ് കേരളത്തെക്കുറിച്ച് കൂടുതൽ വ്യക്തതയോടെ നമുക്ക് ലഭ്യമാകുന്നത്. വിശാലമായ തമിഴകത്തിന്റെ ഭാഗമായിരുന്നു കേരളം. വേണാട്, കർക്കനാട്, കുട്ടനാട്, കുടനാട്, പൂഴിനാട് എന്നിങ്ങനെ അഞ്ചു നാടുകളായാണ് കേരളം കിടന്നിരുന്നിരുന്നത്. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങൾ ചേർന്നതായിരുന്നു കുടനാട്. ചേര രാജാക്കൻമാരായിരുന്നു ഇവിടെയെല്ലാം ഭരണം നടത്തിയിരുന്നത്. താനൂർ കേന്ദ്രമായി ഇക്കാലത്തു തന്നെ ഒരു നാട്ടു രാജ്യം നില നിന്നതായി സൂചനകളുണ്ട്.
ചേര സാമ്രാജ്യം പിന്നീട് തകരുകയും എ.ഡി 800-നടുത്ത് രണ്ടാം ചേരസാമ്രാജ്യം ഉദയം കൊള്ളുകയും ചെയ്തു. വേണാട് (കൊല്ലം, കൊട്ടാരക്കര, ചിറയിൻകീഴ്, തിരുവനന്തപുരം,നെടുമങ്ങാട്), ഒാടനാട് (കരുനാഗപ്പള്ളി, മാവേലിക്കര, കാർത്തികപ്പള്ളി), നന്തുഴിനാട് (ചങ്ങനാശ്ശേരി, തിരുവല്ല), മുഞ്ഞുനാട് (കോട്ടയം), വെമ്പൊലിനാട് (വൈക്കം,മീനച്ചൽ), കീഴ്മലൈനാട് (തൊടുപുഴ, മൂവാറ്റുപുഴ), കാൽക്കരൈനാട് (തൃക്കാക്കരയും സമീപപ്രദേശങ്ങളും), നെടുംപുറൈയ്യൂർനാട് (തലപ്പള്ളി,പാലക്കാട്, ചിറ്റൂർ), വള്ളുവനാട് (പൊന്നാനി, പെരിന്തൽമണ്ണ, തിരൂർ), ഏറാൾനാട് (ഏറനാട് പ്രദേശങ്ങൾ), പോളനാട് (കോഴിക്കോട്), കുറുംപുറൈനാട് അഥവാ കുറുമ്പ്രനാട് (കൊയിലാണ്ടി, തെക്കൻ വയനാട്), കോലത്തുനാട് (കണ്ണൂർ, കാസർഗോഡ്), പുറൈകീഴാനാട് (വടക്കേ വയനാട്, ഗൂഡല്ലൂർ) എന്നിവയായിരുന്നു ഇൗ ഭരണത്തിലെ പ്രദേശങ്ങൾ.
ചേര-ചോള യുദ്ധങ്ങളിൽ ചേര ശക്തി തകരുകയും കേരളം പിന്നീട് നാട്ടുരാജ്യങ്ങളായി ചിന്നിച്ചിതറുകയും ചെയ്യുകയായിരുന്നു. മക്കത്തു പോയ ചേരമാൻ പെരുമാൾ കേരളത്തെ പകുത്തതിലൂടെയാണ് നാട്ടു രാജ്യങ്ങൾ സ്വതന്ത്രമായതെന്ന് കെ.വി കൃഷ്ണയ്യർ അഭിപ്രായപ്പെട്ടിട്ടുണ്ട്. "രണ്ടടി വെക്കണ മെങ്കിൽ മൂന്നു രാജാക്കൻമാരുടെ സ്ഥലത്തു ചവിട്ടണം' എന്ന സാഹചര്യം സംജാതമായി. ഇങ്ങനെ രൂപപ്പെട്ട ഒരു നാട്ടു രാജ്യമായിരുന്നു വെട്ടത്തുനാട്. ഇതാണ് പിന്നീട് താനൂർ സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടത്.
Tags
HISTORY
