പോർച്ചുഗീസ് കാലഘട്ടത്തിലെ താനൂർ

1498-ൽ വാസ്കോ ഡ ഗാമ കോഴിക്കോട്ടെത്തിയതു മുതലാണ് കേരളത്തിൽ പോർച്ചുഗീസ് യുഗം ആരംഭിക്കുന്നത്. സാമൂതിരി അവരെ ആദ്യം സ്വാഗതം ചെയ്തുവെങ്കിലും പിന്നീട് പിണങ്ങി. 1525-ൽ കോഴിക്കോട്ടെ പോർച്ചുഗീസ് കോട്ട സാമൂതിരി തിരിച്ചു പിടിച്ചു. ഇതോടെ വെട്ടത്തുനാട് ഉൾപ്പെടെയുള്ള ചെറു ഭരണകൂടങ്ങളുടെ സഹായം പോർച്ചുഗീസുകാർക്ക് അത്യാവശ്യമായി. സാമൂതിരിയുടെ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാവാൻ പോർച്ചുഗീസുകാരുമായുള്ള ബന്ധം ഉപകരിക്കുമെന്ന് വെട്ടത്തുരാജയും കണക്കൂകൂട്ടി. ഇങ്ങരെ വെട്ടത്തുരാജ-പോർച്ചുഗീസ് കൂട്ടുകെട്ട് രൂപപ്പെടുകയായിരുന്നു. മലബാറുമായി നൂറ്റാണ്ടുകളായി കച്ചവടം തുടരുന്ന അറബികളുടെ വ്യാപാരക്കുത്തക തകർക്കൽ പോർച്ചുഗീസുകാരുടെ മുഖ്യ ലക്ഷ്യമായിരുന്നു. അറബിക്കടലിലെ പോർച്ചുഗീസ് മേധാവിത്വം മലബാറിലെ ഭൂരിപക്ഷം വരുന്ന മുസ്ലിം കച്ചവടക്കാർക്ക് ഭീഷണിയായി. പ്രതികാര ദാഹികളായ പോർച്ചുഗീസുകാർ മലബാർ തീരങ്ങളിൽ അക്രമം അഴിച്ചുവിടുക പതിവായി. ഇൗ സാഹചര്യത്തിൽ മുസ്ലിംകൾ സാമൂതിരിയെ പിന്തുണച്ച് പോർച്ചുഗീസുകാരോട് സമരം ചെയ്യാൻ തീരുമാനിച്ചു. കൊച്ചിയിൽ നിന്നെത്തിയ മരക്കാർമാരുടെ ആദ്യ ആസ്ഥാനങ്ങളിലൊന്ന് താനൂരായിരുന്നു. കുഞ്ഞാലിമരക്കാർ ഒന്നാമന് താനൂർ കേന്ദ്രമായി വലിയൊരു നാവികവ്യൂഹം ഉണ്ടായിരുന്നു. 1507 താനൂരിൽ നിന്നാണ് കുഞ്ഞാലി മരക്കാർ തന്റെ പടയോട്ടം ആരംഭിക്കുന്നത്. 1528-ലെ മഴക്കാലത്ത് ഒരു പോർച്ചുഗീസ് കപ്പൽ താനൂരിൽ നങ്കൂരമിട്ടു. കപ്പൽ പിടിച്ചെടുത്ത് കോഴിക്കോട്ടേക്കയക്കാനുള്ള സാമൂതിരിയുടെ ഉത്തരവ് മറികടന്ന് വെട്ടത്തുരാജ കപ്പലിനും ചരക്കിനും ആളുകൾക്കും താനൂരിൽ അഭയം നൽകി. തുടർന്ന് താനൂർ-പോർച്ചുഗീസ് സന്ധി നടക്കുകയും താനൂർ, പറവണ്ണ വഴിയുള്ള കടൽ യാത്രകൾക്ക് പോർച്ചുഗീസ് പാസ്സ് നിർബന്ധമാക്കുകയും ചെയ്തു. പൊന്നാനിപ്പുഴയുടെ വടക്കേ തീരത്ത് പോർച്ചുഗീസുകാർക്ക് കോട്ട കെട്ടാൻ വെട്ടത്തു രാജ സൗകര്യം ചെയ്തുകൊടുത്തു. എന്നാൽ കോട്ട കെട്ടാനുള്ള സാമഗ്രികളുമായി പുറപ്പെട്ട കപ്പൽ വ്യൂഹം കാറ്റിലും കോളിലും പെട്ട് വെളിയങ്കോട് വെച്ച് തകർന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 1531-ൽ ചാലിയത്ത് പോർച്ചുഗീസുകാർക്ക് കോട്ട കെട്ടാനുള്ള സഹായങ്ങൾ ചെയ്തുകൊടുത്തത് താനൂർ രാജാവായിരുന്നു.
താനൂർ, പറവണ്ണ എന്നിവിടങ്ങളിലെ കച്ചവടക്കാർ പോർച്ചുഗീസ് അനുമതി വാങ്ങി കച്ചവടം തുടർന്നു. എന്നാൽ മുസ്ലിം കച്ചവടക്കാർ സ്വതന്ത്രമായി കച്ചവടം നടത്താൻ ധൈര്യം കാണിച്ചു. പറവണ്ണയിലെ കുട്ടി ഇബ്റാഹീം മരക്കാരും കൂട്ടുകാരും അനുമതി പത്രം വാങ്ങാതെ ജിദ്ദാ തുറമുഖത്തേക്ക് കുരുമുളകും ചുക്കും കയറ്റുമതി ചെയ്തു. ഹി. 944 (ക്രി.വ. 1537)ൽ പോർച്ചുഗീസുകാർ പറവണ്ണയിൽ വന്ന് ഉമറലി ഇബ്റാഹീം മരക്കാരുടെ പുത്രനായ കുട്ടി ഇബ്രാഹീം മരക്കാരെയും കൂട്ടുകാരെയും വധിച്ച് പട്ടണത്തിന് തീവെച്ച് മടങ്ങിപ്പോയി. പീന്നീടുള്ള കാലഘട്ടങ്ങളിൽ പോർച്ചുഗീസുകാരുമായുള്ള ശക്തമായ പോരാട്ടത്തിന് താനൂർ തീരങ്ങൾ സാക്ഷിയായി. 1571-ൽ ചാലിയം കോട്ട പിടിച്ചെടുക്കുന്ന യുദ്ധത്തിൽ താനൂരിൽ നിന്നെത്തിയ യോദ്ധാക്കളും ഉണ്ടായിരുന്നു. താനൂർ രാജാവ് പോർച്ചുഗീസുകാർക്ക് താനൂരിൽ പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. ഒഴിച്ചിൽ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇവിടെ ഒരു ക്രിസ്ത്യൻ പള്ളിയും (ചാപ്പൽ) സ്ഥാപിക്കപ്പെട്ടു. പോർച്ചുഗീസ് കാലഘട്ടിനു ശേഷവും ഇവിടെ നിരവധി കൃസ്ത്യൻ കുടുംബങ്ങൾ താമസിച്ചിരുന്നു. എന്നാൽ കാലക്രമത്തിൽ എല്ലാം അപ്രത്യക്ഷമായി. ഫ്രഞ്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും ഇൗ പ്രദേശം കൈവശപ്പെടുത്തി. 1739 ഡിസംബറിൽ ഫ്രഞ്ചുകാർ താനൂരിൽ പതാക ഉയർത്തിയതായി വില്യം ലോഗൻ മലബാർ മാന്വലിൽ പരാമർശിക്കുന്നുണ്ട്. മേൽ സൂചിപ്പിച്ച പ്രദേശത്താണ് ഫീഷറീസ് സ്കൂളും ഹെൽത്ത് സെന്ററും സ്ഥിതി ചെയ്യുന്നത്.

Post a Comment

Previous Post Next Post