ഇസ്ലാമിക വ്യാപനം താനൂരിൽ

കേരളത്തിൽ ഇസ്ലാം വന്നണഞ്ഞ കാലം മുതൽക്കേ താനൂരിലും അതിന്റെ സാന്നിധ്യം ഉണ്ടായി എന്നു വേണം അനുമാനിക്കാൻ. ഇതുപ്രകാരം ഹബീബ് ബ്നു മാലികിന്റെ പ്രബോധനം ഇൗ മേഖലകളിലെല്ലാം ഉണ്ടായി എന്നു കരുതപ്പെടുന്നു. അതോടൊപ്പം ആദ്യ കാല പ്രബോധകരിൽ പെട്ട ചാലിയത്തെ ഹസനുത്താബിഇൗ എന്നവർ താനൂരിലും ഇസ്ലാം പ്രചരിപ്പിച്ചതായും അദ്ദേഹത്തിന്റെ മകൻ ഉമർ ബ്നു അബ്ദില്ലാ താനൂരിലേക്ക് താമസം മാറിയെന്നും ഇദ്ദേഹത്തിലൂടെ താണ് താനൂരിൽ വ്യാപകമായ മതപ്രബോധനം നടന്നത് എന്നും അഭിപ്രായമുണ്ട്. ചരിത്രകാരനായ കെ.കെ അബ്ദുൽ കരീം തയാറാക്കിയ "വെളിയങ്കോട് ഹസ്റത്ത് ഉമർ ഖാസിയുടെ ജീവചരിത്രവും കൃതികളും' എന്ന കൃതിയിലാണ് ഇൗ അഭിപ്രായമുള്ളത്. താനൂർ മലബാറിലെ ആദ്യ കാല മുസ്ലിം കേന്ദ്രങ്ങളിലൊന്നായിരുന്നു എന്നതിൽ തർക്കമില്ല. ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ശൈഖ് ഉമർ സുഹ്റവർദിയുടെ "രിഹ്ലത്തുൽ മുലൂകിൽ' താനൂരിൽ പള്ളി സ്ഥാപിക്കപ്പെട്ടുവെന്നും അലി ബിൻ ജാബിർ എന്നവർ ഖാളി സ്ഥാനം വഹിച്ചുവെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തുഹ്ഫത്തുൽ മുജാഹിദീനും താനൂരിലെ ആദ്യകാല മുസ്ലിം സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്. താനൂരിലെ പള്ളികൾ ഇവിടത്തെ മുസ്ലിം പാരമ്പര്യത്തിന്റെ അടയാളങ്ങളാണ്. ഇവയിൽ ആദ്യത്തെ പള്ളി ഏതാണെന്ന കാര്യത്തിൽ കൃത്യമായ ധാരണയില്ല. താനൂർ ജുമുഅത്ത് പള്ളി, പുന്നക്കര പള്ളി, താനൂർ കടപ്പുറം പള്ളി എന്നിവയെല്ലാം ആദ്യ പള്ളിയാണെന്നഭിപ്രായമുണ്ട്. വലിയകുളങ്ങര പള്ളി, തോട്ടുങ്ങൽ പള്ളി, പുതിയ പള്ളി, റാത്തിബ് പള്ളി, ഹൈദ്രോസ് പള്ളി, സാഹിബിന്റെ പള്ളി, ശൈഖിന്റെ പള്ളി, വടക്കേ പള്ളി, മുഹ്യിദ്ദീൻ പള്ളി, ബദർ പള്ളി, ഫക്കീർ പള്ളി, പുതിയ കടപ്പുറം പള്ളി, അഞ്ചുടി പള്ളി, കിഴക്കേ പള്ളി, ഖാളിന്റെ പള്ളി, ത്വാഹാ പള്ളി, ചീരാൻ കടപ്പുറം പള്ളി തുടങ്ങി ചെറിയൊരു പ്രദേശത്ത് ചുരുങ്ങിയത് നൂറ്റി അൻപത് വർഷത്തിലേറെയെങ്കിലും പഴക്കമുള്ള ഇത്രയേറെ പള്ളികൾ ഉണ്ടാവുന്നത് കൗതുകകരം തന്നെയാണ്. താനൂർ കേന്ദ്രമായി ഹിജ്റ ആദ്യ നൂറ്റാണ്ടുകൾ മുതൽക്കേ ഖാളിമാർ നിലവിലുണ്ടായിരുന്നു. ഇവരുടെ പിൻഗാമികളായിട്ടാണ് ഒാടക്കൽ കുടുംബം ഖാളി പദവി ഏറ്റെടുക്കുന്നത്. ഒാടക്കൽ അഹ്മദ് മുസ്ലിയാർ (1683-1749) ഇൗ പരമ്പരയിലെ ആദ്യ ഖാളിയാണ്. ചിര പുരാതനമായ മുസ്ലിം കുടുംബങ്ങൾ താനൂരിന്റെ പ്രത്യേകതയാണ്. ഇന്നും നിലവിലുള്ള പഴയകം തറവാട് വെട്ടത്തു രാജാക്കൻമാരുടെ കുടുംബത്തിൽ നിന്നും ഇസ്ലാം സ്വീകരിച്ചവരുടേതാണ്. വലിയകത്ത്, ചുണ്ടൻവീട്ടിൽ, തൊമ്മിൽ, കേക്കകത്ത്, അസ്സംമക്കിത്താനകത്ത് തുടങ്ങിയവയെല്ലാം ഏറെ പാരമ്പര്യമുള്ള മുസ്ലിം കുടുംബങ്ങളാണ്. മലബാറിലെ സുപ്രധാന കുടുംബങ്ങൾക്കെല്ലാം താനൂരിലെ വിവിദ തറവാടുകളുമായി കെട്ടുബന്ധമുണ്ടായിരുന്നതായി കാണാം. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സയ്യിദ് കുടുംബങ്ങൾക്കും താനൂരുമായി ബന്ധമുണ്ട്. എെദറൂസി, മുശയ്യഖ്, ഹസനുൽ ജീലാനി, സാഹിർ, ബാഖഫി, ഫഖ്റുൽ വുജൂദ്, ഹദ്ദാദ്, ഹാദി, ജിഫ്രി, രിഫാഇൗ തുടങ്ങിയ ഖബീലകളെല്ലാം താനൂരിൽ വന്നിട്ടുണ്ട്. താനൂരിലെ മുസ്ലിം സാമൂഹിക ജീവിതം തങ്ങൻമാരുമായി ബന്ധപ്പെട്ടതായിരുന്നു. മത വൈജ്ഞാനിക രംഗത്ത് അനേകം മഹാ പണ്ഡിതരെ താനൂർ സംഭാവന ചെയ്തു. താനൂർ വലിയകുളങ്ങര പള്ളിയിലെ ദർസ് മലബാറിലെ തന്നെ ആദ്യകാല ദർസുകളിലൊന്നാണ്. വലിയ കുളങ്ങര പള്ളിയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത വെളിയങ്കോട് ഉമർ ഖാളിയുടെ പിതൃ ദേശം താനൂർ തന്നെയായിരുന്നു. താനൂർ ഖാളിമാരെല്ലാം ഇൗ നാട്ടുകാരും മഹാ പണ്ഡിതരുമായിരുന്നു. സൂഫീ സരണികൾക്ക് താനൂരിന്റെ മണ്ണിൽ എന്നും സ്ഥാനമുണ്ടായിരുന്നു. ശൈഖ് ജീലാനി (റ)യുടെ വഴിയിലുള്ള സൂഫീ പ്രബോധകർക്ക് ഇവിടെ വലിയ സ്ഥാനമുണ്ടായിരുന്നു. താനൂരിലെ മുഹ്യിദ്ദീൻ പള്ളികൾ ഇതിന്റെ സൂചനയാണ്. താനൂർ ശൈഖ് അബ്ദുറഹ്മാൻ നഖ്ശബന്ദി കേരളം ദർശിച്ച മഹാനായ ആദ്ധ്യാത്മിക ജ്ഞാനിയാണ്.

Post a Comment

Previous Post Next Post