താനൂർ: വൈവിധ്യങ്ങളുടെ കലവറ

മലബാറിലെ മറ്റു പ്രദേശങ്ങളിൽ നിന്നും ഭിന്നമായി ഒട്ടേറെ വൈവിധ്യങ്ങൾ താനൂരിനു മാത്രം അവകാശപ്പെടാനുണ്ട്. ഭൂമിശാസ്ത്രം, ആചാരങ്ങൾ, ഭാഷ, തൊഴിൽ, ഭക്ഷണം, കുടുംബം, സമൂഹം തുടങ്ങിയ മേഖലകളിലെല്ലാം ഇത് കാണാം. ഭൂമിശാസ്ത്രം മലനാടും ഇടനാടും തീരദേശവും ചേർന്നതാണ് കേരളം. ഇതിന്റെ ഒരു ചെറുരൂപമാണ് താനൂർ. മോര്യ കുന്നുംപുറം എന്നിവ കുന്നിൻ പ്രദേശവും പനങ്ങാട്ടൂർ, കാട്ടിലങ്ങാടി എന്നിവ ഇടനാടും താനൂർ ടൗൺ, ഒട്ടുംപുറം എന്നിവ തീരപ്രദേശങ്ങളുമാണ്. ഭൂമി ശാസ്ത്രത്തിലെ ഇൗ വൈവിധ്യം തൊഴിലിലും കാണാം. മത്സ്യബന്ധനം, കൃഷി, കരപ്പണി തുടങ്ങിയ ജോലികൾ ചെയ്യുന്ന പുലയർ, അരയർ, കരയർ എന്നീ മൂന്നു വിഭാഗങ്ങളും പഴയകാലം മുതൽക്കേ താനൂരിലുണ്ട്. കടൽത്തീരങ്ങൾ മത്സ്യ ബന്ധനത്തിലൂടെ സജീവമാകുമ്പോൾ മോര്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പാടശേഖരങ്ങൾ നെൽകൃഷികൊണ്ട് സമ്പന്നമാകുന്നത് വേറിട്ട കാഴ്ചയാണ്. വസ്ത്ര നിർമ്മാണം തൊഴിലാക്കിയ ചാലിയ വിഭാഗവും താനൂരിൽ അധിവസിച്ചുപോരുന്നുണ്ട്. കച്ചവടം, തൊഴിൽ തേടിയുള്ള വിവിധ നാടുകളിലേക്കുള്ള പലായനം, തൊഴിൽ അടിസ്ഥാനമാക്കിയുള്ള സാമൂഹിക പദവികൾ എന്നിവയും ശ്രദ്ധേയമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഏഷ്യയിലെ മറ്റു രാജ്യങ്ങളിലും താനൂരുകാർ ജോലിയാവശ്യാർത്ഥം കുടിയേറിപ്പാർത്തിരുന്നു. പലരും ആ നാടുകളിൽ വിവാഹ ബന്ധം സഥാപിക്കുകയും ജീവിതം അങ്ങോട്ട് പറിച്ചുനടുകയും ചെയ്തിട്ടുണ്ട്. തീര പ്രദേശങ്ങൾ തന്നെ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. പുതികടപ്പുറം, അഞ്ചുടികടപ്പുറം, ചീരാൻകടപ്പുറം, എടക്കടപ്പുറം, മരക്കാർകടപ്പുറം, ഒസ്സാൻകടപ്പുറം, എളാരൻകടപ്പുറം, പണ്ടാരകടപ്പുറം, കോർമ്മൻകടപ്പുറം എന്നിങ്ങനെ ചുരുങ്ങിയ ഭൂപ്രദേശത്ത് വിവിധ പേരുകളിലാണ് തീരങ്ങളെ വിളിച്ചു പോരുന്നത്. ആരാധനാലയങ്ങൾ ഏറെ പഴക്കം ചെന്ന മുസ്ലിം-ഹൈന്ദവ ആരാധനാലയങ്ങൾ താനൂരിന്റെ സവിശേഷതയാണ്. തീരത്തോട് ചേർന്ന് അനേകം പൗരാണിക പള്ളികളും മറ്റിടങ്ങളിൽ അത്ര തന്നെ പൗരാണിക ക്ഷേത്രങ്ങളും കാണാം. താനൂരിനെക്കുറിച്ചുള്ള ബ്രിട്ടീഷ് കാലഘട്ടങ്ങളിലെ വിവരണങ്ങളിൽ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നതായി കാണാം. താനൂർ ടൗൺ ജുമുഅത്ത് പള്ളി പഴയ കാലം മുതൽക്കെ താഴികക്കുടമുള്ള അപൂർവ്വം പള്ളികളിലൊന്നായിരുന്നു. വലിയകുളങ്ങര പള്ളിയാകട്ടെ കേരളത്തിലെ ആദ്യ കാല പള്ളി ദർസുകളിലൊന്നായിരുന്നു. താനൂർ പരിയാപുരം തൃകൈ്കക്കാട്ട് മഠം ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യരുടെ വഴിയിലുള്ള ഒരു അദൈ്വതാശ്രമമാണ്. അടുത്തു തന്നെ തൃകൈ്കക്കാട്ട് ശിവ ക്ഷേത്രവും ശ്രീ ഗണപതിയങ്കാവ് ക്ഷേത്രവും സ്ഥിതിചെയ്യുന്നു. പ്രാചീന കേരളത്തിന്റെ മധ്യഭാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളാധീശ്വരപുരത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് 2000 വർഷത്തെ പഴക്കം അവകാശപ്പെടുന്നുണ്ട്. മലബാറിലെ അതിപുരാതനമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നാണ് താനൂർ ശോഭപ്പറമ്പ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. വെട്ടത്തുരാജാക്കൻമാരുടെ കുലദൈവമാണ് ശ്രീ കുരുംബ ഭഗവതി. താനൂരിലെ പഴയ മുസ്ലിം തറവാടായ പഴയകത്ത് കുടുംബത്തിലെ മുതിർന്ന കാരണവരാണ് ക്ഷേത്രത്തിലെ പൂജാരിയായ ആവേൻ സ്ഥാനം വിളിച്ചു ചൊല്ലി തീരുമാനിക്കുന്നത്. പഴയകം തറവാടിന്റെ വെട്ടത്തു രാജകുടുംബ ബന്ധത്തിന് തെളിവാണിത്. ശോഭപ്പറമ്പിലെ തിരി ഉഴിച്ചിലും പാട്ടും, കലങ്കരി മഹോത്സവം എന്നിവ ശ്രദ്ധേയമാണ്.
ക്ഷേത്രത്തിലെ കലങ്കരി മഹോത്സവം മലബാറിലെ പൊങ്കാല എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നിട്ടുണ്ട്. മണ്ഡലകാലം 41 തികഞ്ഞാൽ ആദ്യത്തെ ചൊവ്വാഴ്ചയോ, വെള്ളിയാഴ്ചയോ ആണ് ഉത്സവം. കാരാട്, രായിരിമംഗലം, പനങ്ങാട്ടൂർ, എരണാകരനെല്ലൂർ, പരിയാപുരം എന്നീ അഞ്ച് ദേശങ്ങളിൽ നിന്നും ഭക്തജനങ്ങൾ വ്രതശുദ്ധിയോടെ വെളുപ്പിന് മൂന്നുമണിക്ക് പുത്തൻ കലവും പുന്നെല്ലരിയുമായി വന്ന് ഉത്സവ നാളിൽ ദേവിയുടെ ഉപദേവനായ ദണ്ഡന് പുത്തൻ കലംകരിച്ച് നിവേദ്യം ഉണ്ടാക്കി സമർപ്പിക്കും. ആവേന്റെ വെളിച്ചപ്പാടോടെ ചടങ്ങുകൾ അവസാനിക്കും. പൂരപ്പറമ്പ്, മധുരാപുരി, ചമ്മൽത്തറ, നരസിംഹപുരി, ദ്വാരകനഗർ, കേസരിപുരം, കുന്നുംപ്പുറം, നടുവത്തിപ്പാലം, മണമ്മൽ, പഴശ്ശി, ശാസ്താപുരം, അയ്യപ്പൻ കാവ്, കാട്ടിലങ്ങാടി, ദുർഗാപുരി, പരിയാപുരം, ഒട്ടുംപുറം, പുന്നൂക്ക്, ചിറക്കൽ, ശിവജി നഗർ, ജ്യോതി നഗർ, നടക്കാവ്, മൂലക്കൽ, ശ്രീകൃഷ്ണപുരം, പുതുക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇപ്രകാരം ക്ഷേത്രങ്ങളും കാവുകളും മറ്റും കാണാം. പരിയാപുരം മുരുകൻ കോവിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, മോര്യ ഭഗവതി ക്ഷേത്രം, ഒതവേഞ്ചേരി ക്ഷേത്രം, മണമ്മൽ ക്ഷേത്രം, കൊട്ടപ്പറമ്പ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, ശ്രീ അയ്യപ്പൻകാവ് ക്ഷേത്രം, ശ്രീ ഗണപതി ക്ഷേത്രം, താനൂർ പാഴൂർ ശ്രീ ഭഗവതി ക്ഷേത്രം, കൊളങ്ങരശ്ശേരി ക്ഷേത്രം, രായിരിമംഗലം ക്ഷേത്രം, സുബ്രഹ്മണ്യ ക്ഷേത്രം, ശ്രീ തണ്ണീർ ഭഗവതി ക്ഷേത്രം, കാട്ടിലങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം, പൂരപ്പറമ്പ് തണ്ണീർ ഭഗവതീക്ഷേത്രം, ചിറയ്ക്കൽ ഭഗവതീക്ഷേത്രം തുടങ്ങിയവയെല്ലാം ഇവയിൽ ചിലതാണ്. താനൂർ പരിയാപുരം കുന്നുംപുറത്തെ നരിമടയും ഇതോടൊപ്പം ചേർത്തുവെക്കേണ്ടതു തന്നെയാണ്. പുരാതന കാലത്തെ ബുദ്ധമത കേന്ദ്രമായിരുന്നു ഇതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ബുദ്ധ പണ്ഡിതർ തന്നെ ഇക്കാര്യം തിരിച്ചറിഞ്ഞ് പഴയ രൂപത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. മുസ്ലിം ആചാരങ്ങൾ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി താനൂരിലെ മുസ്ലിംകൾക്കിടയിൽ സവിശേഷമായ ചില ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. നാട്ടുമൗലിദ്, കൈയെഴുത്തു പെരുന്നാൾ, വെള്ളിയാഴ്ച തുടങ്ങിയവ ഇവയിൽ ശ്രദ്ധേയമാണ്. മലബാറിൽ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന വിവിധ മേഖലകളിൽ നാട്ടുമൗലിദ് സമ്പ്രദായം നിലവിലുണ്ട്. വിപത്തുകൾ തടുക്കാനും എെശ്വരമുണ്ടാവാനും പൊന്നാനി സരണിയിലെ പണ്ഡിതർ വിവിധ സ്ഥലങ്ങളിൽ നാട്ടുമൗലിദ് സ്ഥാപിച്ചതായി കാണാം. നാട്ടുകാരെല്ലാവരും പള്ളിയിലും മറ്റും ഒരുമിച്ചുകൂടി പ്രത്യേക മൗലിദുകൾ ചൊല്ലുന്ന രീതിയാണ് അവിടങ്ങളിലെല്ലാം ഉള്ളത്. എന്നാൽ താനൂരിലേത് തികച്ചും വ്യത്യസ്തമാണ്. റബീഉൽ ആഖർ, ജുമാദൽ ഉൗലാ മാസങ്ങളിലെ വിവിധ വ്യാഴാഴ്ച രാത്രികളിലായി താനൂർ തീരദേശത്തെ മുഴുവൻ വീടുകളിലും മൻഖൂസ് മൗലിദ്, മുഹ്യിദ്ദീൻ മൗലിദ്, രിഫാഇൗ മൗലിദ് എന്നിവ ചൊല്ലുന്ന രീതിയാണിത്. റബീഉൽ അവ്വൽ കഴിയുന്നതോടെ നാട്ടുകാരണവൻമാർ ചേർന്ന് ഒാരോ പ്രദേശത്തിനും തിയതി നിശ്ചയിക്കുന്നു. പ്രസ്തുത ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ദിക്കുകളിൽ നിന്നായി പണ്ഡിതരും മതവിദ്യാർത്ഥികളും എത്തിച്ചേരുന്നു. വീട്ടുകാർ തങ്ങൾക്കാവശ്യമുള്ളവരെ വീട്ടിലേക്ക് കൊണ്ടുപോയി മൗലിദ് നടത്തുകയും ചെയ്യുന്നു. തീരദേശത്ത് പെരുന്നാൾ പോലെയാണ് നാട്ടുമൗലിദ് ആചരിക്കാറുള്ളത്. വീടും നാടും അങ്ങാടികളും അലങ്കരിക്കുകയും സ്വന്തക്കാരെയും ബന്ധുക്കളെയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. മൗലിദിന് മുമ്പും ശേഷവും വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കുകയും മൗലിദ് ഒാതുന്ന പണ്ഡിതർക്ക് പണം നൽകുകയും ചെയ്യുന്നു. പാവപ്പെട്ട കുടുംബങ്ങൾ പോലും ഇതിനായി തുക സ്വരുക്കൂട്ടി മികച്ച രീതിയിൽ മൗലിദ് കഴിക്കാൻ ശ്രദ്ധിച്ചിരുന്നു. കടകളിലും ഇപ്രകാരം മൗലിദ് നടത്തിയിരുന്നു. നാട്ടുമൗലിദിന്റെ തുടക്കത്തെക്കുറിച്ചോ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചോ ആർക്കും കൃത്യമായ ധാരണയില്ല. നൂറ്റിഅൻപത് മുതൽ ഇരുനൂറ് വർഷം വരെ പഴക്കമുണ്ടായിരിക്കാനാണ് സാധ്യത. തീദദേശം എക്കാലത്തും പല ദുരന്തങ്ങളുടെയും ഭീതിയിലാണ് കഴിഞ്ഞിരുന്നത്. കടൽക്ഷോഭം, തീപ്പിടുത്തം, വറുതി, മാഹാമാരി തുടങ്ങിയവ പതിവായിരുന്നു. ഇവയിൽ നിന്നും രക്ഷ ലഭിക്കാൻ ഏതെങ്കിലും സയ്യിദോ സൂഫീ പണ്ഡിതനോ നിർദ്ദേശിച്ചതാണിതെന്ന് നമുക്ക് അനുമാനിക്കാം. താനൂരിൽ വ്യാപകമായി ആചരിച്ചുവരുന്ന മറ്റൊരു ചടങ്ങാണ് കയ്യെഴുത്തുപെരുന്നാൾ. പഴയകാലത്തെ ഒാത്തുപള്ളികളിലാണ് കയ്യെഴുത്തുപെരുന്നാളിന്റെ തുടക്കം. താനൂർ ഉൾപ്പെടെയുള്ള ആദ്യ കാല മുസ്ലിം കേന്ദ്രങ്ങളിലാണ് ഇൗ ആചാരം സജീവമായി നിലനിന്നിരുന്നത്. ഒാത്തുപള്ളികൾ മദ്റസകൾക്ക് വഴിമാറിയെങ്കിലും കയ്യെഴുത്തു പെരുന്നാൾ മാറ്റമില്ലാതെ തുടർന്നു പോന്നു. മുസ്ലിംകളുടെ ഒരു വർഷത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ബലിപെരുന്നാൾ. ഇതോടനുബന്ധിച്ച് മദ്റസകൾക്ക് അവധി നൽകപ്പെടാറുമുണ്ട്. പെരുന്നാൾ അവധിക്ക് മദ്റസ നിർത്തുന്ന ദിവസമാണ് കയ്യെഴുത്തുപെരുന്നാൾ നടക്കാറുള്ളത്. അന്നേദിവസം അതിരാവിലെ പുതുവസ്ത്രമണിഞ്ഞ് വിദ്യാർത്ഥികൾ നേരത്തേ മദ്റസയിലെത്തുന്നു. മുളകൊണ്ട് പ്രത്യേകം നിർമ്മിച്ച ഖലം കൊണ്ട് വിദ്യാർത്ഥിയുടെ കുഞ്ഞിളം കൈകളിൽ അല്ലാഹുവിന്റെയോ മുഹമ്മദ് നബിയുടെയോ പേരുകൾ എഴുതുന്നു. ആദ്യകാലങ്ങളിൽ അരി വറുത്തരച്ചുണ്ടാക്കുന്ന ഒരു പാനീയമായിരുന്നു എഴുതാനായി ഉപയോഗിച്ചിരുന്നത്. ഇന്ന് ശുദ്ധമായ തേനുപയോഗിച്ചാണ് എഴുതുന്നത്. കൈകളിൽ പതിയുന്ന തേൻമധുരം വിദ്യാർത്ഥികൾ ആർത്തിയോടെ നക്കിക്കുടിക്കുന്നു. രക്ഷിതാക്കൾ നേരത്തേ കൊടുത്തയക്കുന്ന പണം കുട്ടികൾ അധ്യാപകനെ ഏൽപ്പിക്കുന്നു. കുട്ടികൾ തന്നെ കൊണ്ടുവരുന്ന മധുര പലഹാരം ചീരണിയായി നൽകി കുട്ടികളെ അവധിക്കായി വീട്ടിലേക്കയക്കുന്നു. തീരദേശത്തെ വെള്ളിയാഴ്ചക്ക് ഏറെ സവിശേഷതകളുണ്ട്. മത്സ്യ ബന്ധനത്തിന് അവധി നൽകി രാവിലെ ഒരിടത്ത് ഒരുമിച്ചുകൂടി ശനി മുതൽ വ്യാഴം വരെയുള്ള കണക്കുകൾ കൂട്ടിക്കിഴിച്ച് ഒാരോരുത്തരുടെ പങ്കും വീതിച്ചു നൽകുന്നു. വെള്ളിയാഴ്ച രാവിലെ നടക്കുന്ന "ആഴ്ചക്കായ് പിരിവ്' ഇന്നും അസ്തമിച്ചിട്ടില്ല. അവധി ദിനമായതിനാൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മിക്കതും വെള്ളിയാഴ്ച തന്നെയാണ് നടക്കാറുള്ളത്. സാമൂഹികം അങ്ങാടിക്കാർ, കടപ്പുറത്തുകാർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായിട്ടായിരുന്നു താനൂരിലെ പഴയകാല സാമൂഹിക ജീവിതം. തീരപ്രദേശത്തോട് ചേർന്ന് മത്സ്യ ബന്ധന തൊഴിലുമായി ബന്ധപ്പെട്ടു കഴിയുന്ന കുടുംബങ്ങളെയാണ് കടപ്പുറത്തുകാർ എന്ന് വിളിക്കുന്നത്. തീരദേശത്ത് നിന്നും അൽപം മാറി എന്നാൽ കടവടം തൊഴിലാക്കിയവരാണ് അങ്ങാടിക്കാർ. ഇവർക്കിടയിൽ സാമൂഹികമായ അകൽച്ചകൾ നിലനിന്നിരുന്നു. യഥാർത്ഥത്തിൽ ഇത് തൊഴിൽ കേന്ദ്രീകൃതമായി രൂപപ്പെട്ടതല്ല. മറിച്ച് പഴയ കാലങ്ങളിൽ നിലനിന്നിരുന്ന ജാതീതയുടെ ഒടുവിലത്തെ ശേഷിപ്പായിരുന്നു ഇത്. വിവാഹത്തിലും മറ്റു കാര്യങ്ങളിലും ഇത് നിഴലിച്ചു കണ്ടിരുന്നു. എന്നാൽ ഇത്തരം വിഭാഗീയതകൾ പുതുതലമുറക്ക് കേട്ടുകേൾവിപോലുമില്ലാത്ത വിധത്തിൽ അന്യം നിന്നു പോയത് ആശ്വാസകരമാണ്. വിവാഹത്തിലും കുടുംബജീവിതത്തിലും ചടങ്ങുകളിലെല്ലാം താനൂരിന് തനതായ ശൈലികളുണ്ടായിരുന്നു. ചില കുടുംബങ്ങളിൽ നിലനിന്നിരുന്ന മരുമക്കത്തായ രീതി എടുത്തുപറയേണ്ടതാണ്. ഗണവികാരം, ഗണഭക്തി, എെക്യം എന്നിവ മറ്റു നാടുകളേക്കാൾ ഇവിടത്തെ ജനങ്ങൾക്കിടയിൽ കൂടുതലാണ്. മലബാറിൽ വ്യാപകമായിരുന്ന കുറിക്കല്യാണം ഇന്നും താനൂരിൽ സജീവമാണ്. വിവാഹം, വീടുനിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി ആളുകൾ പരസ്പരം സഹായിക്കുന്ന രീതിയാണിത്. ഇതിന് സർവ്വാംഗീകൃതമായ ചില രീതികളും നിയമങ്ങളുമുണ്ട്. ഒാരോ വെള്ളിയാഴ്ചകളിലും തീരദേശത്തെ കവലകളിൽ കുറിക്കല്യാണങ്ങൾ കാണാം. മത്സ്യബന്ധനവും മത്സ്യവിൽപനയും ആയി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും തീർപ്പാക്കിയിരുന്നത് കടക്കോടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കടൽക്കോടതി വഴിയായിരുന്നു. ബ്രിട്ടീഷ് നിയമ വ്യവസ്ഥ നിലവിലുള്ളപ്പോഴും ഇത് പ്രവർത്തിച്ചിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ് കൂട്ടം പറച്ചിൽ. സാമൂഹ്യ-കുടുംബ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് തീർപ്പാക്കാനുള്ള കാരണവൻമാരുടെ ഒരു നാട്ടുകൂട്ടമായിരുന്നു ഇത്. താനൂരിലെ പൗരപ്രമുഖനായിരുന്ന സെയ്താലിക്കുട്ടി മാസ്റ്റർ ഇൗ രംഗങ്ങളിൽ കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു. ഭക്ഷണത്തിലും താനൂരിന് വേറിട്ട വിശേഷങ്ങളുണ്ട്. ലഭ്യതക്കനുസരിച്ച് പുതിയ കടൽ മീൻ തന്നെയാണ് പ്രധാന ഇനം. മീൻ ലഭിക്കാത്ത കാലങ്ങളിൽ ഉണക്കമീനും മറ്റുമായി ഒതുക്കും. കറികളിൽ എരിവും മസാലയും അൽപം കൂടും. മീനുകൾ ചുട്ടും പുഴുങ്ങിയും കഴിക്കും. വലിയ കൂന്തൾ ലഭിക്കുമ്പോൾ അരി നിറച്ച് പുഴുങ്ങി തയാറാക്കുന്ന കൂന്തച്ചോറ്്, കപ്പയും മത്തിയും ചേർത്തുള്ള വിഭവം തുടങ്ങിയ വിവിധ മീൻ വിഭവങ്ങളുണ്ട്. മസാലച്ചക്കര, വിവിധ തരം അടകൾ തുടങ്ങിയവ മീനേതര വിഭവങ്ങളാണ്. പെരുന്നാൾ ദിവസങ്ങളിൽ അട നിർബന്ധമാണ്. അടയില്ലാതെ താനൂരിന് പെരുന്നാളില്ല എന്ന ചൊല്ലുപോലുമുണ്ട്. താനൂർ നഗരത്തിൽ അടുത്തടുത്തായി കാണപ്പെടുന്ന ചായക്കടകൾ ഒരു കൗതുക കാഴ്ച തന്നെയാണ്.

Post a Comment

Previous Post Next Post