താനൂർ എന്ന പേര് മധ്യ കാലഘട്ടം മുതൽക്കേ ലോകത്തിനു സുപരിചിതമാണ്. മറ്റു നാട്ടു പേരുകളിൽ നിന്നും ഭിന്നമായി അറബ്-പോർച്ചുഗീസ് രചനകളിൽ ഇൗ പേര് ഇന്നത്തെ രൂപത്തിൽ തന്നെ പ്രയോഗിച്ചു കാണുന്നത് ആശ്ചര്യകരമാണ്. വെട്ടത്തു രാജാക്കൻമാരെക്കുറിച്ചു പരാമർശിക്കുന്നിടത്തും താനൂർ രാജാക്കൻമാർ എന്നാണ് വളരെ നേരത്തേ കുറിച്ചു കാണുന്നത്.
1572-ൽ രചിക്കപ്പെട്ട പോർച്ചുഗീസ് ഇതിഹാസ കാവ്യമായ ഒാസ് ലൂസിയാദസിൽ (Os Lusíadas) Tanore എന്ന പരാമർശം കാണാം. ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ തുഹ്ഫത്തുൽ മുജാഹിദീനിൽ കേരളത്തിലെ മിക്ക പ്രദേശങ്ങൾക്കും നൽകിയ പേര് ഇന്നത്തെ തലമുറക്ക് അപരിചിതമായിരിക്കും. എന്നാൽ താനൂർ ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്നു. താനൂർ വലിയകുളങ്ങര പള്ളി കുതുബ്ഖാനയിലെ കിതാബുകളിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ താനൂർ എന്ന പേര് തന്നെയാണ് എഴുതി വരുന്നത്.
എന്നാൽ പഴയകാലം മുതൽക്കേ താന്നിയൂർ എന്ന പേര് താനൂരിനെ സൂചിപ്പിക്കാൻ ഒൗദ്യോഗിക രേഖകളിലടക്കം ഉപയോഗിച്ചു കാണുന്നുണ്ട്. മലയാളത്തിൽ ഇത് വ്യാപകമാണെന്നതിനോടൊപ്പം ഇംഗ്ലീഷിലും ഇൗ രീതിയിൽ എഴുതപ്പെട്ടിട്ടുണ്ട്്. ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് ഡിക്ഷണറിയിൽ താന്നിയൂർ, താന്നൂർ എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്.
താന്നിയൂർ എന്ന വാക്കാണ് പിന്നീട് താനൂർ എന്നായി മാറിയത് എന്നാണ് പ്രബല വീക്ഷണം. താന്നി എന്ന വാക്കിന് ഗുണ്ടർട്ട് ഡിക്ഷണറി നൽകുന്ന അർത്ഥം കലിദ്രുമം അഥവാ താന്നിവൃക്ഷം എന്നാണ്. Terminalia bellirica എന്നാണ് ശാസ്ത്രീയനാമം. താന്നിയും ഉൗരും ചേർന്ന് താന്നിയൂരും ഉപയോഗത്തിലൂടെ താനൂരും ആയി മാറി എന്നാണ് നിരീക്ഷണം. പൊന്നാനി താലൂക്കിനെക്കുറിച്ചുള്ള ഒരു പഠനത്തിൽ പി. കരുണാകര മേനോൻ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
പഴയകാലത്ത് താനൂർ വാഴക്കാത്തെരുവിന്റെ തെക്കുഭാഗത്ത് താന്നി മരങ്ങൾ ധാരാളമായി വളർന്നിരുന്നത്രേ. ം തൊട്ടാൽ ശരീരം ചീർത്തുവരുന്ന അസുഖത്തിന് താന്നിമരത്തെ കെട്ടിപ്പിടിച്ച് സങ്കടം പറഞ്ഞ് ഏഴു തവണ പ്രദക്ഷിണം വെച്ചാൽ ചേരുബാധ ഒഴിയുമെന്നായിരുന്നു വിശ്വാസം. ഇതു പ്രകാരം രോഗികൾ ഇവിടെ വന്ന് താന്നി മരത്തെ കെട്ടിപ്പിടിച്ച് പ്രദക്ഷിണം ചെയ്യുന്നത് പതിവായി. ഇതിലൂടെയാണ് താന്നിയൂർ എന്ന പേര് കൈവന്നതെന്ന് അബ്ദുസ്സലാം മാമുണ്ണി മുസ്ലിയാരകത്ത് "ചക്ക തിന്നാൻ താനൂരിലേക്ക്' എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്.
താഴ്ന്ന പ്രദേശമായതിനാൽ താന്നിയൂർ എന്ന പേര് വന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അറബിയിൽ "താ' എന്നാൽ ഇത് എന്നാണ് അർത്ഥം. "നൂർ' എന്നാൽ പ്രകാശം. വെട്ടത്തുനാട് എന്നതിലെ വെട്ടവും പ്രകാശത്തിന്റെ സൂചനയാണ്. സ്ഥാണൂർ ആണ് താനൂർ ആയി മാറിയതെന്ന് മറ്റൊരു നിഗമനവുമുണ്ട്. താനൂരിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ഇങ്ങനെ പോകുന്നു.
ചോള ഭരണത്തിനു കീഴിൽ താന്നിയൂർ (Taniyur) എന്ന പേരിൽ റവന്യൂ ഡിവിഷനുകളുണ്ടായിരുന്നു. തമിഴ് ഭാഷയിലുള്ളതാണ് ഇൗ പദം ആയതിൽ ഇൗ പേര് ചരിത്ര ഗ്രന്ഥങ്ങളിൽ ആവർത്തിച്ചു വരാറുണ്ട്. പേരിൽ എന്തിരിക്കുന്നു (What's in a name?) എന്ന് ഷേക്സ്പിയർ പണ്ട് ചോദിച്ചിട്ടുണ്ട്. എന്നാൽ പേരിൽ പലതുമുണ്ട് എന്ന് ഇത്രയും വിശദീകരിച്ചതിൽ നിന്നും മനസ്സിലാക്കാം.
Tags
HISTORY
