ബ്രിട്ടീഷ് ഭരണ കാലത്തെ താനൂർ

1792-ലാണ് മലബാർ പ്രദേശങ്ങൾ പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലാവുന്നത്. ബോംബെ പ്രസിഡൻസിയുടെ കീഴിൽ മലയാളം ജില്ല എന്നറിയപ്പെടുന്ന മലബാർ ജില്ല അന്നേ നിലവിൽ വന്നിരുന്നു. വിശാലമായ പ്രദേശമായതിനാൽ നോർത്ത് മലബാർ, സൗത്ത് മലബാർ എന്നിങ്ങനെയും പ്രദേശങ്ങളെ വിഭജിച്ചിരുന്നു. സൗത്ത് മലബാറിലാണ് താനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നത്. 1800-ൽ മലബാർ മദ്രാസ് പ്രസിഡൻസിയുടെ കീഴിലും 1937-ൽ മദ്രാസ് പ്രൊവിൻസിന്റെ കീഴിലുമായിരുന്നു മലബാർ. മലബാർ ജില്ല വിവിധ താലൂക്കുകളായി തിരിച്ചിരുന്നു. ഇവയിൽ പൊന്നാനി താലൂക്കിലെ വെട്ടത്തുനാട് ഡിവിഷന്റെ ഭാഗമായിരുന്നു താനൂർ. വെട്ടത്തുനാട് ഡിവിഷനിൽ പരിയാപുരം, രായിരിമംഗലം, ഒഴൂർ, പൊന്മുണ്ടം, താനാളൂർ, നിറമരുതൂർ, തൃക്കണ്ടിയൂർ, ഇരിങ്ങാവൂർ, ക്ലാരി, കൽപകഞ്ചേരി, മേൽമുറി, അനന്താവൂർ, കന്മനം, തലക്കാട്, വെട്ടം, പച്ചാട്ടിരി, മംഗലം, ചേന്നര, തൃപ്രങ്ങോട്, പള്ളിപ്പുറം, പുറത്തൂർ എന്നീ 21 പ്രദേശങ്ങളാണ് വെട്ടുനാട് ഡിവിഷനിൽ ഉൾപ്പെട്ടിരുന്നത്. രായിരിമംഗലമാണ് താനൂരിന്റെ ഹൃദയ ഭൂമി. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ സുപ്രധാന നഗരങ്ങളിലൊന്നായിരുന്നു താനൂർ ഉയർന്നു വന്നു. താനൂർ നഗരം എന്ന പേര് പ്രസിദ്ധമായി. പോലീസ് ഒൗട്ട് പോസ്റ്റ്, ദറോഗ (കീഴ്ക്കോടതി), രജിസ്റ്റർ ഒാഫീസ്, കമ്പിത്തപാലോഫീസ് തുടങ്ങിയവ വളരെ നേരത്തേ നിലവിൽ വന്നിരുന്നു. 1791 ജൂലൈ 1-ന് കണ്ണൂർ, കൊയിലാണ്ടി, താനൂർ, തിരൂരങ്ങാടി, പൊന്നാനി, ചേറ്റുവ, പാലക്കാട് എന്നിവിടങ്ങളിലാണ് മലബാറിൽ ആദ്യമായി ദറോഗകൾ നിലവിൽ വന്നത്. 1850-ൽ താനൂർ മുതൽ കൂട്ടായി വരെ കനാൽ നിർമ്മിക്കപ്പെട്ടു. 1861-ൽ റെയിൽവേ ലൈനും സ്റ്റേഷനും സ്ഥാപിക്കപ്പെട്ടു. 1910-11 ൽ ഫിഷറീസ് എക്സ്പെരിമെന്റൽ സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടു. ഇങ്ങിനെ ബ്രിട്ടീഷ് ഭരണകാലത്ത് താനൂർ വലിയ പുരോഗതി കൈവരിച്ചു. മദ്രാസ് ഡിസ്ട്രിക്ട് ഗസറ്റിയറിൽ നൽകിയിരിക്കുന്ന താനൂരിനെക്കുറിച്ചുള്ള കുറിപ്പ് ബ്രിട്ടീഷ് കാലത്തെ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്: "താനൂർ: രായിരിമംഗലം അംശത്തിലും ദേശത്തിലും. ഒരു പ്രധാന മത്സ്യ ബന്ധന ഗ്രാമം, ഒരു ഉപ തുറമുഖം, മീനുണക്കൽ കേന്ദ്രം. ട്രാവലേഴ്സ് ബംഗ്ലാവ്; സീ കസ്റ്റംസ് ഒാഫീസ്; പോലീസ് ഒൗട്ട് പോസ്റ്റ്; സബ് രജിസ്ട്രാർസ് ഒാഫീസ്; പോസ്റ്റ് ഒാഫീസ്; സത്രം, റെയിൽവേ സ്റ്റേഷൻ. ജനസംഖ്യയുടെ സിംഹ ഭാഗവും ഉൾക്കൊള്ളുന്ന മത്സ്യ തൊഴിലാളികൾ അധിക ഭാഗങ്ങളിലും പുതു മുസ്ലിംകളോ മുഹമ്മദൻ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട മുക്കുവൻമാരോ ആണ്. ഇവിടെ ചെമ്പു മേഞ്ഞ താഴികക്കുടമുള്ള ഒരു മനോഹരമായ പള്ളിയും മറ്റനേകം പള്ളികളുമുണ്ട്. പോർച്ചുഗീസുകാരുടെ ആദ്യകാല സെറ്റിൽമെന്റായിരുന്നു താനൂർ. 1513-ൽ സാമൂതിരിയുമായുണ്ടാക്കിയ കരാറിനു ശേഷം ഇവിടെ ഒരു ചാപൽ സ്ഥാപിച്ചു. സെന്റ് ഫ്രാൻസിസ് സാവിയർ 1546-ൽ ഇവിടം സന്ദർശിക്കുകയും പ്രദേശിക നാടുവാഴിയെ മതപരിവർത്തനം നടത്തുകയും ചെയ്തു. തൊട്ടടുത്തുള്ള കേരളാധീശ്വരപുരം, തൃകൈ്കക്കാട്ട് ക്ഷേത്രങ്ങൾ വളരെ പ്രസിദ്ധമാണ്. ആദ്യത്തേദിന് നിരവധി ഇനാം ഭൂമികളുള്ള ഒരു ബ്രാഹ്മണ ഭോജന ശാലയുണ്ട്. രണ്ടാമത്തേത് പരശുരാമൻ സ്ഥാപിച്ച ഒരു ക്ഷേത്രമാണ്. അതിനോട് ചേർന്നുള്ള മഠം ശ്രീ ശങ്കരാചാര്യരോട് ചേർത്തിയാണ് പ്രാദേശികമായി അവതരിപ്പിക്കപ്പെടുന്നത്.'

Post a Comment

Previous Post Next Post