ഗ്രന്ഥാലയങ്ങൾ: വെളിച്ചത്തിന്റെ പ്രഭവ കേന്ദ്രങ്ങൾ

ഏറെ പഴക്കമുള്ള ഗ്രന്ഥാലയങ്ങൾകൊണ്ട് സമ്പന്നമാണ് താനൂർ. താനൂർ വലിയകുളങ്ങര പള്ളി കുതുബ്ഖാന, സഞ്ചാരം ഗ്രന്ഥാലയം, കെ.പുരം വി.ആർ നായനാർ മെമ്മോറിയൽ ലൈബ്രറി തുടങ്ങിയവയാണ് ഇവയിൽ ഏറെ പ്രധാനപ്പെട്ടത്. താനൂർ വലിയകുളങ്ങര പള്ളി കുതുബ്ഖാന അപൂർവ്വമായ കൈയെഴുത്തുപ്രതികളുടെ കലവറയാണ്. ഹിജ്റ 700-കളിലും എണ്ണൂറുകളിലും വിദേശത്തുവെച്ച് പകർത്തി എഴുതപ്പെട്ട ഗ്രന്ഥങ്ങളാണ് ഇവിടത്തെ മുഖ്യ ആകർഷകം. ഇതിനു പുറമേ വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങളും കുതുബ് ഖാനയിലും ഇതിനോടനുബന്ധിച്ചുള്ള ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ലൈബ്രറിയിലും കാണാവുന്നതാണ്. താനൂർ സഞ്ചാരം ഗ്രന്ഥാലയം പ്രവർത്തനം ആരംഭിക്കുന്നത് 1937-ലാണ്. സ്ഥാപകനായ പരമേശ്വരൻ മാസ്റ്റർ (1923-2000) ചെറുപ്രായത്തിൽ തന്നെ സൈക്കിളിൽ സഞ്ചരിച്ച് വായനക്കാരെ കണ്ടെത്തുന്ന രീതിക്ക് തുടക്കം കുറിച്ചിരുന്നു. ഇതാണ് പിന്നീട് സഞ്ചാരം എന്ന ഗ്രന്ഥാലയമായി മാറുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എൻ പണിക്കർ മലപ്പുറത്തെ ചുമതല പരമേശ്വരൻ മാസ്റ്ററെ ഏൽപ്പിച്ചു. 1951-ൽ മലപ്പുറം ജില്ലയിൽ നിന്നും ആദ്യമായി ഗ്രന്ഥശാലാ സംഘത്തിൽ രജിസ്റ്റർ ചെയ്തത് താനൂർ സഞ്ചാരം ഗ്രന്ഥാലയമായിരുന്നു. സാക്ഷരതാ പ്രസ്ഥാനത്തിന്റെ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്ന മാസ്റ്റർ വെട്ടം എന്ന പേരിൽ ഒരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. താനൂർ മുക്കിലകത്ത് ഹസ്സൻ കുട്ടി പരമേശ്വരൻ മാസ്റ്ററുടെ സഹപ്രവർത്തകനായിരുന്നു. ഇത്തിഹാദുൽ മുസ്ലിമീൻ എന്ന പേരിൽ ഒരു വായനാ ശാലക്ക് അദ്ദേഹം നേതൃത്വം കൊടുത്തിരുന്നു. താനൂരിലെ മറ്റൊരു ഗ്രന്ഥാലമായ കെ.പുരം വി.ആർ നായനാർ ലൈബ്രറി 1948-ലാണ് ആരംഭിക്കുന്നത്. വലിയൊരു വായനാ വിപ്ലവമാണ് ഇൗ ഗ്രന്ഥാലയം പ്രദേശത്ത് സൃഷ്ടിച്ചത്.

Post a Comment

Previous Post Next Post