താനുരിന്റെ വിദ്യാഭ്യാസ ചരിത്രം

വെട്ടത്തുനാട്ടിലെ താന്നിയൂരിൽ (താനൂർ) എഴുത്തുകളരി സ്ഥാപിക്കാനായി പുരാതനകാലത്ത് വള്ളുവക്കോനാതിരി വെട്ടത്തരചന് എഴുത്താശാന്മാരുടെ ഒരു കുടുംബത്തെ അയച്ചുകൊടുത്തതായും പ്രസ്തുത കുടുംബത്തിലാണ് മലയാള ഭാഷാ പിതാവായ എഴുത്തച്ഛൻ ജനിച്ചതെന്നും "തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന രചനയിൽ സി. രാധാകൃഷ്ണൻ എഴുതിയിട്ടുണ്ട്. കുട്ടിക്കാലത്ത് തന്റെ മുത്തശ്ശി പറഞ്ഞുകൊടുത്ത ചരിത്രകഥയാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. സാമൂതിരിയുടെ പട താനൂരിലെ എഴുത്തുകളരി തീവെച്ച് നശിപ്പിച്ചു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. താനൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തെക്കുറിച്ചുള്ള ആദ്യകാല സൂചനകളാണിവയെല്ലാം. താനൂർ പരിയാപുരത്തെ തൃകൈ്കക്കാട്ട് മഠവും ഇതിനോട് ചേർത്തി വായിക്കേണ്ടതാണ്. ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യരുടെ പരമ്പരയിലുള്ള ഇൗ അദൈ്വതാശ്രമത്തിന് ആയിരത്തിലധികം വർഷം പഴക്കം കണക്കാക്കുന്നുണ്ട്. ഇവിടെ സ്വാമിയാരുടെ നേതൃത്വത്തിൽ നൂറ്റാണ്ടുകളോളം അധ്യാപനം നടന്നിരുന്നു. താനൂർ വലിയകുളങ്ങര പള്ളിയിലെ ദർസും താനൂരിലെ ഏറെ പഴക്കം ചെന്ന വിദ്യാപീഠമാണ്. ഏഴു നൂറ്റാളോളം പഴക്കമാണ് ഇതിന് കണക്കാക്കുന്നത്. താനൂരിലെ മറ്റു പള്ളികളിലും ഇത്തരം ദർസുകളുണ്ടായിരുന്നു. ഇപ്രകാരം എഴുത്തുകളരികളും മതവിജ്ഞാന കേന്ദ്രങ്ങളുമാണ് ആദ്യകാലത്തെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് നമുക്ക് ലഭിക്കുന്ന സൂചനകൾ. അത്യാവശ്യ മഠ പാഠങ്ങൾ പഠിക്കലായിരുന്നു തീരദേശത്തെ പ്രധാന വിദ്യാഭ്യാസ രീതി. മത്സ്യബന്ധനവും മറ്റു തൊഴിലുകളും പരിശീലിക്കുക എന്നതിനപ്പുറം ഭൗതിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ബോധം പോലും ആദ്യകാലങ്ങളിൽ തീരദേശത്ത് കുറവായിരുന്നു. ഒാത്തുപള്ളികളാണ് അക്കാലഘട്ടത്തിലെ പ്രധാന വിദ്യാലയങ്ങൾ. താനൂർ നഗരത്തിലെ മുക്കിലകം ഒാത്തുപള്ളി ഏറെ പ്രസിദ്ധമായിരുന്നു. ഇത്തരം ഒാത്തുപള്ളിക്കളാണ് പിൽക്കാലത്ത് സ്കൂളുകളായി മാറിയത്. 1886-ലാണ് താനൂരിലെ ആദ്യ ഒൗദ്യോഗിക വിദ്യാലയമായ ശോഭ ജി.എൽ.പി സ്കൂൾ സ്ഥാപിതമാവുന്നത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഹിന്ദു ബോർഡ് ബോയ്സ് ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂളിന്റെ തുടക്കം.
1912-ൽ തൃകൈ്കക്കാട് മഠത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇന്നത്തെ പരിയാപുരം ജി.എൽ.പി സ്കൂൾ സ്ഥാപിതമായത്. 1925-ലാണ് പരിയാപുരം എ.എം.എൽ.പി സ്കൂളിന്റെ തുടക്കം. കാട്ടപപറമ്പിൽ നാരായണൻ മാസ്റ്റർ ആരംഭിച്ച പരിയാപുരം സെൻട്രൽ യു.പി സ്കൂളിന് 1935-ൽ അംഗീകാരം ലഭിച്ചു. 1973-ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. 1912-ലാണ് താനൂർ നോർത്ത് ജി.എം.എൽ.പി സ്കൂളിന്റെയും കെ.പുരം ജി.എൽ.പി സ്കൂളിന്റെയും തുടക്കം. 1913-ൽ ബ്രിട്ടീഷ് ഫിഷറീസ് ഡിപാർട്മെന്റിനു കീഴിൽ താനൂരിൽ ഒരു ഫിഷറീസ് സ്കൂൾ തുടക്കം കുറിച്ചതായി രേഖകളിൽ കാണാം. മുപ്പതോളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു. മലബാർ പ്രക്ഷോഭാനന്തരം ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റിനു കീഴിൽ വി.ആർ നായനാരുടെ നേതൃത്വത്തിൽ താനൂർ പോലീസ് സ്റ്റേഷനു സമീപം ഒരു നിശാ പാഠ ശാല ആരംഭിച്ചു. ഇതാണ് കെ.പുരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ദേവധാർ സ്കൂളിന്റെ ആദ്യ രൂപം. 1926-ൽ എലിമെന്ററി സ്കൂളായി തുടക്കം കുറിച്ച സ്ഥാപനം 1952-ൽ ഹൈസ്കൂളായും 1992-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തി. 1923-ൽ ഒരു എൽ.പി വിദ്യാലയമായി ആരംഭിച്ച കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസ് 1956-ൽ യു.പി സ്കൂളും 1980-ൽ ഹൈസ്ക്കൂളും 2000-ൽ ഹയർ സെക്കന്ററി സ്കുളുമായി വളർന്നു. 1924-ൽ താനൂർ ടൗണിൽ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ഇസ്ലാഹുൽ ഉലൂം അറബി മദ്റസ സ്ഥാപിച്ചു. ഇസ്ലാഹുൽ ഉലൂം മദ്റസാ വിദ്യാർത്ഥികൾക്ക് മലയാളം, ഉർദു, ഇംഗ്ലീഷ് എന്നീ ഭാഷകൾ പഠിക്കാൻ ഒരു നിശാ പാഠശാല ഏർപ്പെടുത്താൻ പൊന്നാനി താലൂക്ക് ബോർഡിനോട് ഇൗ യോഗം അപേക്ഷിക്കുന്ന 1928-ലെ ഇസ്ലാഹുൽ ഉലൂം മൂന്നാം സമ്മേളനത്തിലെ പ്രസിദ്ധമായ 27-ാം പ്രമേയം ബഹുഭാഷാ പഠനത്തിൽ സ്ഥാപനം കാലത്തിനു മുമ്പേ സഞ്ചരിച്ചതിനു തെളിവാണ്. സ്ഥാപകനായ അഹ്മദ് കുട്ടി മുസ്ലിയാർ മലബാർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗമായിരുന്നു
1924-ൽ തന്നെയാണ് താനൂർ ടൗൺ ജി.എം.യു.പി സ്കൂളിന്റെ തുടക്കം. നേരത്തേ പ്രവർത്തിച്ചിരുന്ന മുക്കിലകം ഒാത്തുപള്ളിയാണ് സ്കൂളായി മാറിയത്. മുക്കിലകം സ്കൂൾ, ചുങ്കത്ത് സ്കൂൾ എന്ന പേരിലെല്ലാം ഇത് അറിയപ്പെട്ടു. പഴയ കസ്റ്റംസ് കെട്ടിടത്തിലായിരുന്നു ആദ്യ കാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്. രായിരമംഗലം ഇൗസ്റ്റ് ജി.എൽ.പി സ്കൂളും പുതിയ കടപ്പുറം നോർത്ത് ജി.എം.എൽ.പി സ്കൂളും രായിരമംഗലം ഇൗസ്റ്റ് ജി.എൽ.പി സ്കൂളും രായിരമംഗലം ജി.എം.എൽ.പി സ്കൂളും 1924-ലാണ് സ്ഥാപിതമായത്. 1925-ൽ എടക്കടപ്പുറം ജി.എം.എൽ.പി.സ്കൂളും 1926-ൽ പുതുകുളങ്ങര എ.എൽ.പി സ്കൂളും 1932-ൽ ചാപ്പപ്പടി കോർമന്തല എ.എം.എൽ.പി സ്കൂളും ആരംഭിച്ചു. പുത്തൻതെരു എ.എൽ.പി സ്കൂളും എസ്.എം. യു.പി സ്കൂളും 1937-ലും ചിറക്കൽ കെ.പി.എൻ.എം യു.പി സ്കൂൾ 1950-ലും സ്ഥാപിതമായി. ഇത്രയേറെ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടുവെങ്കിലും താനൂരിന്റെ വിദ്യാഭ്യാസ സ്ഥിതി അതി ദയനീയമായിരുന്നു. ഉയർന്ന കുടുംബത്തിലെ കുട്ടികൾ പഠിച്ച് ഉന്നതങ്ങളിൽ എത്തിയിരുന്നുവെങ്കിലും ഭൂരിപക്ഷവും സ്കൂളുകളിൽ നിന്നും അകലം പാലിച്ചു. ഇതിന്റെ ഒരു നേർ ചിത്രം 1957 സെപ്തംബർ 17-ലെ ചന്ദ്രിക ദിനപത്രത്തിൽ വന്ന ഒരു റിപ്പോർട്ട് നമുക്ക് വിവരിച്ചു തരും: "താനൂർ. സെപ്തംബർ 12. കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ സർവ്വേ ഉദ്യോഗസ്ഥൻ ശ്രീ രഘുനാഥൻ ഇന്ന് സ്ഥലത്ത് കേമ്പ് ചെയ്തിരിക്കുന്നു. ഇൗ ഫർക്കയിലെ അംശം ഉദ്യോഗസ്ഥൻമാരുമായും സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ പ്രതിനിധികളുമായും ഫർക്കയിലെ സ്കൂളിൽ പോകുന്നതും പോകാത്തതുമായ സ്കൂൾ പ്രായമായ കുട്ടികളുടെ സ്ഥിതി വിവരണക്കണക്കുകളുടെ വെളിച്ചത്തിൽ സ്കൂൾ പ്രായമായ കുട്ടികൾ സ്കൂളിൽ ചേരാതിരിക്കുവാനുള്ള കാരണങ്ങളെപ്പറ്റിയും മറ്റും ചർച്ചചെയ്തതായറിയുന്നു. കുട്ടികൾ സ്കൂളിൽ ചേരാത്തതിന്റെ പ്രധാന കാരണം ദാരിദ്ര്യമാണെന്ന് ചർച്ചയിൽ അഭിപ്രായപ്പെട്ടതായും അറിയുന്നു. ഒ.ലേ.' വിദ്യാഭ്യാസ രംഗത്തേക്ക് വിദ്യാർത്ഥികളെ ആകർഷിപ്പിക്കാൻ ഒട്ടനേകം പദ്ധതികൾ ഗവൺമെന്റും സന്നദ്ധ സംഘടനകളും വ്യക്തികളും നടപ്പിലാക്കിയിട്ടുണ്ട്. സി.എച്ച് മുഹമ്മദ് കോയ, കെ. സെയ്താലിക്കുട്ടി മാസ്റ്റർ, പി. പരമേശ്വരൻ, തുടങ്ങിയവരുടെ പരിശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. സെയ്താലിക്കുട്ടി മാസ്റ്ററുടെ സ്മരണയിൽ 1979-ൽ എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം സ്ഥാപിതമായി. 1952-ൽ കെ.പുരത്ത് നായനാർ മെമ്മോറിയൽ എൽ.പി സ്കൂൾ ആരംഭിച്ചു. ചീരാൻ കടപ്പുറം എ.എം.എൽ.പി സ്കൂൾ 1976-ലും ജി.എം.യു.പി എസ് 1977-ലുമാണ് തുടക്കം കുറിക്കുന്നത്. 1981-82 വർഷത്തിൽ ഫിഷറീസ് വിഭാഗത്തിനു കീഴിൽ ആരംഭിച്ച താനൂർ ഗവൺമെന്റ് റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂൾ തീരദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. വിവിധ പ്രദേശങ്ങളിൽ എം.ജി.എൽ.സികൾ സ്ഥാപിതമായത് പ്രാഥമിക വിദ്യാഭ്യാസ മേഖലയെ കൂടുതൽ സജീവമാക്കി. ബഡ്സ് സ്കൂളും താനൂരിൽ പ്രവർത്തിച്ചുവരുന്നു. പിന്നീടുള്ള കാലങ്ങളിൽ സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങൾ ഉയർന്നു വന്നത് വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിന് കാരണമായി. അൽനൂർ ഹൈസ്കൂൾ പനങ്ങാട്ടൂർ, താനൂർ അമൃത വിദ്യാലയം, ഒാലപ്പീടിക ദേവി വിദ്യാ നികേതൻ, എെ.സി.എച്ച് സ്കൂൾ താനൂർ, എം.ഇ.എസ് സെൻ്ട്രൽ സ്കൂൾ, എൻ.എസ്.എസ് സ്കൂൾ, പ്ലസന്റ് സ്കൂൾ, സിൻസിയർ പബ്ലിക്ക് സ്കൂൾ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. തൊണ്ണൂറുകൾ മുതൽ കെ.പുരത്ത് ഗവൺമെന്റ് എെ.ടി.എെ പ്രവർത്തിച്ചുവരുന്നുണ്ട്. എന്നാൽ ഒരു ഗവൺമെന്റ് കോളേജ് സ്ഥാപിക്കപ്പെടുന്നത് 2013-ൽ മാത്രമാണ്. താനൂർ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് പത്തുവർഷം പൂർത്തിയായെങ്കിലും ഇനിയും ഏറെ ദൂരങ്ങൾ താണ്ടാനുണ്ട്. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാൽ കൂടുതൽ മത സ്ഥാപനങ്ങൾ താനൂരിലുണ്ട് എന്നത് ഒരു വാസ്തവമാണ്. പള്ളി ദർസുകൾ, മദ്റസകൾ, മറ്റു മതപാഠശാലകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

Post a Comment

Previous Post Next Post