രണ്ടാം ചേർ സാമ്രാജ്യത്തിന്റെ പതനത്തോടെ കേരളത്തിൽ നിരവധി നാട്ടു രാജ്യങ്ങളാണ് ഉദയം കൊണ്ടത്. ഇക്കൂട്ടത്തിൽ കേരളത്തിന്റെ ഏകദേശം മധ്യഭാഗത്ത് ഉദയം ചെയ്ത ഒരു നാട്ടു രാജ്യമായിരുന്നു വെട്ടത്തുനാട്. താനൂർ രാജ്യം (ഗശിഴറീാ ീള ഠമിൗൃ), താനൂർ സ്വരൂപം എന്ന പേരിലും ഇത് അറിയപ്പെട്ടു.
പുഴ മുതൽ പുഴവരെ എന്നു വരച്ചു കാണിക്കാവുന്ന വിധം വടക്ക് പൂരപ്പുഴക്കും തെക്ക് ഭാരതപ്പുഴയുടെയും ഇടയിൽ കിടക്കുന്ന ഭാഗങ്ങളായിരുന്നു വെട്ടത്തു നാട്ടിൽ ഉൾപ്പെട്ടിരുന്നത്. തിരൂർ-പൊന്നാനിപ്പുഴ ഏതാണ്ട് മധ്യത്തിലൂടെ ഒഴുകുന്നു. പരപ്പനാട് (വടക്ക്), വള്ളുവനാട് (തെക്കു കിഴക്ക്), പെരുമ്പടപ്പ്(തെക്ക്), അറബിക്കടൽ (പടിഞ്ഞാറ്), സാമൂതിരി നാട് (കിഴക്ക്) എന്നിവരായിരുന്നു അതിർത്തികൾ. പരിയാപുരം, രായിരിമംഗലം, ഒഴൂർ, പൊന്മുണ്ടം, താനാളൂർ, നിറമരുതൂർ, തൃക്കണ്ടിയൂർ, ഇരിങ്ങാവൂർ, ക്ലാരി, കൽപകഞ്ചേരി, മേൽമുറി, അനന്താവൂർ, കന്മനം, തലക്കാട്, വെട്ടം, പച്ചാട്ടിരി, മംഗലം, ചേന്നര, തൃപ്രങ്ങോട്, പള്ളിപ്പുറം, പുറത്തൂർ ദേശങ്ങളാണ് വെട്ടത്തുനാട്ടിൽ ഉൾപ്പെട്ടിരുന്നത്. ചാലിയവും വെട്ടത്തുനാടിന്റെ അധീനതയിലുള്ള പ്രദേശമായിരുന്നു എന്ന് ചരിത്രത്തിൽ കാണാവുന്നതാണ്.
"കേരളാധീശ്വരപുരം, വെട്ടം, രാജരാജമംഗലം എന്നീ പ്രദേശങ്ങൾ അതാതു പ്രാദേശികനാടുവാഴികളിൽ നിന്നും പിടിച്ചടക്കി ഒരു ക്ഷത്രിയ യുവാവാണ് വെട്ടത്തുനാട് രാജവംശത്തിന് തുടക്കം കുറിച്ചതെന്നാണ് എെതിഹ്യം. ക്ഷത്രിയ വംശക്കാരായ രാജാക്കൻമാരാണ് ഇവിടെ ഭരിച്ചിരുന്നത്. വിവിധ കാലങ്ങളിലായി വെട്ടത്തും താനൂരിനടുത്തുള്ള കേരളാധീശ്വരപുരമായിരുന്നു ആസ്ഥാനം പ്രവർത്തിച്ചിരുന്നത്.
സാമൂതിരിയുടെ സാമന്തൻമാരായാണ് വെട്ടത്തു രാജാക്കൻമാർ ഭരണം നടത്തിയിരുന്നത്. കൊച്ചി-വള്ളുവനാട് സഖ്യവുമായി സാമൂതിരി നടത്തിയ യുദ്ധങ്ങളിൽ വെട്ടത്തു രാജാക്കൻമാർ സമൂതിരിയെ അകമഴിഞ്ഞ് സഹായിച്ചു. മാമാങ്കം ഉത്സവത്തിൽ സാമൂതിരിയുടെ വലതു വശത്ത് വെട്ടത്തു രാജാവിന് സ്ഥാനമുണ്ടായിരുന്നു. എന്നാൽ പോർച്ചുഗീസു കാരുടെ വരവോടെ ആ പക്ഷത്തേക്ക് വെട്ടത്തു രാജാവ് കൂറുമാറി. 1532-ൽ ചാലിയത്ത് പോർച്ചുഗീസുകാർക്ക് കോട്ട സ്ഥാപിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു നൽകി. സാമൂതിരിയുമായുള്ള ശത്രുത വർധിച്ചതോടെ പോർച്ചുഗീസുകാരിൽ നിന്നും കൂടുതൽ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് 1549-ൽ ഗോവയിൽ വെച്ച് താനൂർ രാജാവ് ക്രിസ്തുമതം സ്വീകരിക്കുകയും ഡോം ജോവോ എ പേര് സ്വീകരിക്കുകയും ചെയ്തു. പോർച്ചുഗീസുകാരുടെ ശക്തി ക്ഷയിച്ചതോടെ വെട്ടത്തുനാടിന്റെ പ്രതാപം കുറഞ്ഞുവന്നു. സാമൂതിരിയുടെ സ്വാധീനം വർധിച്ചു. പിന്നീടുള്ള കാലങ്ങളിൽ വെട്ടത്തു രാജ കുടുംബത്തിൽ നിന്നുള്ള ദത്തെടുക്കലുമായി ബന്ധപ്പെട്ട സംഭവങ്ങൾ കേരള ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.
ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ട കാലത്ത് വെട്ടത്തുനാട് മൈസൂർ ഭരണത്തിനു കീഴിലായി. 1792-ലെ ശ്രീരംഗപട്ടണം സന്ധി പ്രകാരം ഇൗ പ്രദേശങ്ങൾ ബ്രിട്ടീഷ് അധീനതയിലായി. 1792 ആഗസ്റ്റ് 14-ന് ബോംബെ ഗവർണറായിരുന്ന മേജർ ജനറൽ റോബർട്ട് ആബെർ കോംബ്രിയുടെ പ്രതിനിധിയായി വില്യം ഗാമുൽ ഫാർമയും മേജർ അലക്സാണ്ടർ ഡോയും ചേർന്ന് വെട്ടത്തു രാജാവായിരുന്ന രാമവർമ്മരാജാവുമായി ഉടമ്പടിയിൽ ഒപ്പുവെച്ചു. ഒരു അധികാരിയെനിലയിൽ നികുതി പിരിച്ച് ബ്രിട്ടീഷ്ഗവമെന്റിനു നൽകാമെന്ന് രാമവർമ്മ ഉറപ്പുനൽകി. എന്നാൽ 1793-മെയ് 24-ന് പിന്തുടർച്ചാവകാശികളില്ലാതെ രാമവർമ്മരാജാവ് മരണപ്പെട്ടതായാണ് ചരിത്രം. ഇതോടെ വെട്ടത്തുനാടിനെ ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയായിരുന്നു.
Tags
HISTORY