1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ മദിരാശി സംസ്ഥാനത്തിലെ മലബാർ
ജില്ലയിലായിരുന്നു താനൂർ ഉൾപ്പെട്ടിരുന്നത്. 1956-ൽ കേരളം രൂപീകരിക്കപ്പെട്ടപ്പോൾ
കോഴിക്കോട് ജില്ലയിലെ പൊന്നാനി താലൂക്കിലും 1969-ൽ മലപ്പുറം ജില്ല നിലവിൽ വന്ന ശേഷം
തിരൂർ താലൂക്കിലും ഉൾപ്പെട്ടു. താനൂർ കേന്ദ്രമായി ബ്ലോക്കും അസംബ്ലി നിയോജക
മണ്ഡലവും നിലവിൽ വന്നു. പൊന്നാനി പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് താനൂർ. തിരൂർ
റവന്യൂ ഡിവിഷനിലെ തിരൂർ താലൂക്കിലെ താനൂർ, പരിയാപുരം വില്ലേജുകളിലാണ് താനൂരിന്റെ
വിവിധ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നത്. താനൂർ പഞ്ചായത്ത് ബ്രിട്ടീഷ് പിന്തുണയുള്ള ഒരു
അധികാരിയുടെ കീഴിലായിരുന്നു താനൂരിലെ ഭരണം. 1921-ൽ നാരായണ മേനോൻ എന്നു
പേരുള്ളയാളായിരുന്നു അധികാരി. പിന്നീട് അംശക്കച്ചേരികൾ സ്ഥാപിക്കപ്പെട്ടു.
മുക്കിലകത്ത് കുഞ്ഞിക്കോയാമുട്ടി ഇതിന്റെ പ്രസിഡന്റായിരുന്നു. 1950-കളിലാണ് താനൂർ
നഗരം പഞ്ചായത്തും, ഗ്രാമ പഞ്ചായത്ത് എന്ന പേരിൽ രണ്ടു പഞ്ചായത്തുകൾ രൂപപ്പെടുന്നത്.
കനോലി തോടിനു പടിഞ്ഞാറ് നഗരം പഞ്ചായത്തും കിഴക്കു വശം ഗ്രാമ പഞ്ചായത്തുമായിരുന്നു.
പിന്നീട് ഇവ രണ്ടും സംയോജിപ്പിച്ച് താനൂർ പഞ്ചായത്ത് രൂപീകരിച്ചു. സി.വി മുഹമ്മദലി,
എ.കെ യൂസുഫ്, സി. ഇബ്റാഹീം കുട്ടി, കെ. കുട്ടി അഹമ്മദ് കുട്ടി, എ.പി മുഹമ്മദ്
തുടങ്ങിയവർ പ്രസിഡന്റുമാരായിട്ടുണ്ട്. 1995-ൽ താനൂർ ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നു.
കെ.പി.സി ബാവ (1995) അദ്ദേഹത്തിന്റെ മരണ ശേഷം കെ.പി. മുഹമ്മദ് ഇസ്മാഇൗൽ, കെ.പി
അബ്ദുറഹ്മാൻ കുട്ടി (2000), സി.കെ സുബൈദ (2005), എം.പി അഷ്റഫ് (2010) തുടങ്ങിയവർ
പ്രസിഡന്റുമാരായിരുന്നു. താനൂർ നഗര സഭ 2015-ലാണ് താനൂർ നഗര സഭയായി മാറിയത്.
ഒട്ടുംപുറം, പരിയാപുരം, ഒാലപ്പീടിക, മാലിദ്വീപ്, ആറ്റില്ലം, കുന്നുംപുറം നോർത്ത്,
മോര്യ, കുന്നുംപുറം സൗത്ത്, കുന്നുംപുറം സെൻട്രൽ, കുന്നുംപുറം ഇൗസ്റ്റ്,
പനങ്ങാട്ടൂർ സെൻട്രൽ, പനങ്ങാട്ടൂർ, ചാഞ്ചേരി പറമ്പ്, രായിരിമംഗലം ഇൗസ്റ്റ്,
രായിരിമംഗലം വെസ്റ്റ്, തെയ്യാല റെയിൽവേ ഗെയ്റ്റ്, കണ്ണന്തളി, കാട്ടിലങ്ങാടി സൗത്ത്,
കാട്ടിലങ്ങാടി വെസ്റ്റ്, നടക്കാവ്, താനൂർ, കാരാട്, പുതിയകടപ്പുറം, അഞ്ചുടി,
ചീരാൻകടപ്പുറം, വെമ്പാലൻപറമ്പ്, എടക്കടപ്പുറം സൗത്ത്, എടക്കടപ്പുറം നോർത്ത്, താനൂർ
നഗരം, ഹാർബർ, എളാരൻകടപ്പുറം, താനൂർ സെൻട്രൽ, സിവിൽ സ്റ്റേഷൻ, ചെള്ളിക്കാട്,
സി.എച്.സി, പണ്ടാരകടപ്പുറം, ചാപ്പപ്പടി, ആൽബസാർ, കോർമ്മൻകടപ്പുറം നോർത്ത്, ചിറക്കൽ,
ചിറക്കൽ നോർത്ത്, മുക്കോല, കമ്പനിപ്പടി എന്നീ 44 വാർഡുകളാണ് നഗരസഭയിലുള്ളത്. സി.കെ
സുബൈദയായിരുന്നു പ്രഥമ ചെയർപേഴ്സൺ. പിന്നീട് പി.പി ശംസുദ്ദീൻ (2020), റശീദ് മോര്യ
(2024) എന്നിവരും ചെയർമാൻമാരായി. താനൂർ നിയമസഭ ഇന്ത്യൻ ഭരണഘടനാ പ്രകാരം 1951-ൽ
മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിന്റെ
ഭാഗമായിരുന്നു താനൂർ. കെ. ഉപ്പിസാഹിബാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കേരള
സംസ്ഥാനം നിലവിൽ വന്ന മുതൽക്കേ താനൂർ മണ്ഡലം നിലവിലുണ്ട്. നന്നമ്പ്ര, ഒഴൂർ,
താനാളൂർ, പൊന്മുണ്ടം, എടരിക്കോട്, താനൂർ, തെന്നല, പറപ്പൂർ, നിറമരുതൂർ, പെരുമണ്ണ
ക്ലാരി പഞ്ചായത്തുകളായിരുന്നു താനൂരിൽ ഉൾപ്പെട്ടിരുന്നത്. 2008 മണ്ഡല
പുനക്രമീകരണത്തിൽ ചെറിയമുണ്ടം, നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം, താനാളൂർ എന്നീ
പഞ്ചായത്തുകളും താനൂർ നഗരസഭയും മാത്രമായി. 1957-ലെ പ്രഥമ തിരഞ്ഞെടുപ്പിൽ മുസ്ലിം
ലീഗിലെ സി.ച്ച് മുഹമ്മദ് കോയയും താനൂരുകാരനായ കോൺഗ്രസിലെ ടി. ഹസ്സനാരുട്ടിയുമാണ്
മത്സരിച്ചത്. കന്നിയങ്കത്തിൽ സി.എച്ച് വിജയിച്ചു. 1960-ലും സി.എച്ച് തന്നെ
മത്സരിച്ച് വിജയിച്ചു. 1962-ൽ സി.എച്ച് എം.പിയായതിനെ തുടർന്നുണ്ടായ
ഉപതെരഞ്ഞെടുപ്പിൽ താനൂരുകാരനായ ഡോ. സി.എം കുട്ടി എം.എൽ.എയായി. 1965-ൽ ഡോ. സി.എം
കുട്ടി തന്നെ വിജയിച്ചെങ്കിലും എം.എൽ.എയായില്ല. 1967-ൽ എം.എം.കെ ഹാജി, 1970-ൽ
സയ്യിദ് ഉമർ ബാഫഖി തങ്ങൾ എന്നിവർ എം.എൽ.എയായി. 1977-ൽ വിജയിച്ച യു.എ ബീരാൻ ഒന്നാം
ആന്റണി മന്ത്രിസഭയിൽ കുറഞ്ഞ കാലം വിദ്യാഭ്യാസ മന്ത്രിയായി. 1980, 1982, 1987
വർഷങ്ങളിൽ വിജയിച്ച ഇ. അഹ്മദ് വ്യവസായ മന്ത്രിയായി. 1991-ൽ വിജയിച്ച പി. സീതി ഹാജി
എം.എൽ.എ പദവിയിലിരിക്കെ മരണപ്പെട്ടു. 1992-ലെ ഉപ തിരഞ്ഞെടുപ്പിൽ കെ. കുട്ടി അഹമ്മദ്
കുട്ടി നിയമസഭയിലെത്തി. 1996-ലും 2001-ലും അബ്ദുറബ്ബായിരുന്നു എം.എൽ.എ. 2006-ലും
2011-ലും അബ്ദുറഹ്മാൻ രണ്ടത്താണി വിജയിച്ചു എം.എൽ.എയായി. മുസ്ലിം ലീഗുകാരനല്ലാത്ത
താനൂരിലെ ഏക എം.എൽ.എയാണ് 2016-ലും 2021-ലും വിജയിച്ച വി. അബ്ദുറഹ്മാൻ. രണ്ടാം
പിണറായി സർക്കാറിൽ അദ്ദേഹത്തിന് സ്പോർട്സ്-വഖഫ്-ഹജ്ജ്-ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ
മന്ത്രിസ്ഥാനം ലഭിച്ചു. താനൂർ പോലീസ് സ്റ്റേഷൻ ആദ്യ കാലത്ത് തിരൂർ പോലീസ്
സ്റ്റേഷന്റെ ഒരു ഒൗട്ട് പോസ്റ്റ് മാത്രമായിരുന്ന താനൂർ പോലീസ് സ്റ്റേഷൻ 1962 മുതൽ
ഒരു സ്വതന്ത്ര പോലീസ് സ്റ്റേഷനാണ്. താനൂർ, താനാളൂർ, ഒഴൂർ, നിറമരുതൂർ, നന്നമ്പ്ര,
പരിയാപുരം വില്ലേജുകളാണ് താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നത്. സർക്കിൾ
ഇൻസ്പെക്ടർ സംവിധാനം നിലവിലുണ്ടായിരുന്ന കാലത്ത് താനൂർ സർക്കിളുണ്ടായിരുന്നു. 2021
മുതൽ താനൂർ കേന്ദ്രീകരിച്ച് പോലീസ് സബ് ഡിവിഷൻ പ്രവർത്തിക്കുന്നുണ്ട്. താനൂർ,
പരപ്പനങ്ങാടി, തിരൂരങ്ങാടി, കാടാമ്പുഴ, കൽപ്പകഞ്ചേരി എന്നീ സ്റ്റഷനുകളുടെ മേൽനോട്ടം
താനൂർ ഡി.വൈ.എസ്.പിക്കാണ്. താനൂർ ബ്ലോക്ക് പഞ്ചായത്ത് പെരുമണ്ണ ക്ലാരി
ഗ്രാമപഞ്ചായത്ത്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്, ഒഴൂർ
ഗ്രാമപഞ്ചായത്ത്, താനാളൂർ ഗ്രാമപഞ്ചായത്ത്, വളവന്നൂർ ഗ്രാമപഞ്ചായത്ത്, താനൂർ നഗരസഭ,
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്, നിറമരുതൂർ ഗ്രാമപഞ്ചായത്ത് എന്നിവയടങ്ങുന്നതാണ് താനൂർ
ബ്ലോക്ക് പഞ്ചായത്ത്. താനൂരിലാണ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
Tags
ARTICLES
